കിഴക്കമ്പലത്ത് പാറമട മാലിന്യം പൊതുനിരത്തില്‍ തള്ളുന്നു

കിഴക്കമ്പലം: അനധികൃതമായി കരിങ്കല്‍ ഖനനം നടത്തുന്ന പാറമടയില്‍നിന്ന് പൊതുനിരത്തിലേക്ക് മാലിന്യം തള്ളുന്നതായി ആക്ഷേപം. കിഴക്കമ്പലം പഞ്ചായത്തിലെ ഊരക്കാട്ടിലാണ് ക്വാറി ഉടമയുടെ നേതൃത്വത്തില്‍ ഇരുമ്പ് പൈപ്പ് സ്ഥാപിച്ച് വന്‍തോതില്‍ പാറമട മാലിന്യം തള്ളുന്നത്. പാടശേഖരങ്ങളില്‍ എത്തുന്ന മാലിന്യം കൃഷിനാശത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ പറയുന്നു. പാറമട മാലിന്യത്തില്‍ അടങ്ങിയ രാസവസ്തുക്കളും പാറപ്പൊടിയും കൃഷിക്ക് ഭീഷണിയാണ്. ചെമ്മലപ്പടി-മത്തങ്ങക്കുരിശ് റോഡിലെ കാനകളിലേക്കാണ് പൈപ്പ് സ്ഥാപിച്ച് തള്ളുന്നത്. തുടര്‍ന്ന് മാലിന്യം ചെമ്മലത്താഴംവഴി പുല്ളേരിത്താഴം പാടശേഖരം, പാലത്തറ പാടശേഖരം എന്നിവിടങ്ങളിലേക്ക് എത്തുന്നു. തോടുകളില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലനുഭവപ്പെടുന്നതും മീനുകള്‍ ചത്തുപൊങ്ങുന്നതും പതിവാണ്. പാറമടക്കെതിരെ അന്വേഷണം നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകാത്തത് നാട്ടുകാരില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.