പച്ചപ്പിന്‍െറ ഉണര്‍ത്തുപാട്ടായി ഹരിത എക്സ്പ്രസ് ജില്ലയില്‍ പര്യടനം തുടങ്ങി

കൊച്ചി: മലയാണ്‍മയുടെ പച്ചപ്പും വൃത്തിയും ജലസമൃദ്ധിയും വീണ്ടെടുക്കുന്നതിന് ജനകീയദൗത്യത്തിലേക്ക് നാടിനെ പാടിയുണര്‍ത്തി ഹരിത എക്സ്പ്രസിന്‍െറ ജില്ല പര്യടനത്തിന് തുടക്കം. ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍ കെ.ജെ. മാക്സി എം.എല്‍.എ ഹരിത എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്തു. ഹരിതകേരളത്തിന് പുറമെ ആരോഗ്യ, പാര്‍പ്പിട, വിദ്യാഭ്യാസ മേഖലകളിലും സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്ന പ്രത്യേക ദൗത്യപദ്ധതികള്‍ സാക്ഷാത്കരിക്കുന്നതോടെ നവകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന് കെ.ജെ. മാക്സി പറഞ്ഞു. ജീവിതത്തിന്‍െറ നാനാതുറകളിലുള്ളവര്‍ ഒരുമിച്ച് ഇത്തരമൊരു പദ്ധതിക്ക് കൈ കോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത എക്സ്പ്രസിനെ അനുഗമിക്കുന്ന കടമ്പനാട് ജയചന്ദ്രന്‍െറ നേതൃത്വത്തിലെ കലാജാഥയുടെ ഉദ്ഘാടനം ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടിമ്പിള്‍ മാഗി രൂപകല്‍പന ചെയ്ത ഹരിതകേരള സന്ദേശം വിളിച്ചോതുന്ന ടി ഷര്‍ട്ടുകള്‍ കടമ്പനാട് ജയചന്ദ്രനും സംഘാംഗങ്ങള്‍ക്കും വിതരണം ചെയ്തു. മേയര്‍ സൗമിനി ജയിന്‍ അധ്യക്ഷത വഹിച്ചു. ഫോര്‍ട്ട്കൊച്ചി സബ് കലക്ടര്‍ ഡോ. അദീല അബ്ദുല്ല, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി മാത്യു, വി.കെ. മിനിമോള്‍, നഗരസഭ പ്രതിപക്ഷനേതാവ് കെ.ജെ. ആന്‍റണി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിജാസ് ജ്യുവല്‍, അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍ ശ്യാമലക്ഷ്മി, പഞ്ചായത്ത് അസി. ഡയറക്ടര്‍ ടിമ്പിള്‍ മാഗി, ജോയന്‍റ് ആര്‍.ടി.ഒ അനന്തകൃഷ്ണന്‍, കെ.എം. റിയാദ് എന്നിവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്‍െറ ഭാഗമായി നടന്ന പ്രധാന പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളുമാണ് ഹരിത എക്സ്പ്രസില്‍ പ്രദര്‍ശിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെയും സാംസ്കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളിലെ പ്രമുഖരുടെയും സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ ചിത്രങ്ങളുമുണ്ട്. നാടന്‍പാട്ടുകളും കവിതകളും ഉള്‍പ്പെടുത്തിയ കടമ്പനാട് ജയചന്ദ്രന്‍െറയും സംഘത്തിന്‍െറയും കലാജാഥയും പരിപാടിക്ക് മിഴിവേകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.