ആമ്പത്തോട് പാലം ശോച്യാവസ്ഥയിൽ, പ്രതീക്ഷയേകി അധികൃതരുടെ സന്ദർശനം

പറവൂർ: അരനൂറ്റാണ്ട് പഴക്കമുള്ള ഏഴിക്കര ഗ്രാമപഞ്ചായത്തിലെ ആമ്പത്തോട് പാലം അപകടാവസ്ഥയിൽ. മത്സ്യത്തൊഴിലാളികളടക്കമുള്ള കടക്കര പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ പാലം. പുതിയ പാലം നിർമിക്കാമെന്ന അധികൃതരുടെ വാഗ്ദാനം ഇപ്പോഴും ജലരേഖയായി നിലകൊള്ളവെയാണ് പ്രതീക്ഷയേകി പൊതുമരാമത്തി​െൻറയും തുറമുഖ വകുപ്പ് അധികൃതരുടെയും സന്ദർശനം. കഴിഞ്ഞ ദിവസമാണ് 11ാം വാർഡിലെ പാലം അധികൃതർ സന്ദർശിച്ചത്. ചെറായി-ചാത്തനാട് ഫാം റോഡി​െൻറ നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു അധികൃതരുടെ സന്ദർശനം. ഫാം റോഡിൽ ആമ്പത്തോടിനു കുറുകെ പുതിയ പാലം പണിയുന്നതി​െൻറ സാധ്യത വിലയിരുത്തലായിരുന്നു ലക്ഷ്യം. പുതിയ പാലവും റോഡും ഇപ്പോഴത്തെ റോഡുമായി ബന്ധിപ്പിക്കുന്നതി​െൻറ സാധ്യതയാണ് തേടുന്നത്. പാലം നിർമിക്കാൻ 7.99 കോടി അനുവദിച്ചിട്ടുണ്ട്. എന്നാൽ, പദ്ധതിപ്രകാരം നിലവിലെ പാലത്തിൽ നവീകരണപ്രവർത്തനങ്ങളില്ല. പുളിയാമ്പിള്ളി റോഡിലാണ് പാലം. മൂന്നുമീറ്റർ മാത്രമാണ് വീതി. ഇരുഭാഗെത്തയും കൈവരികൾ തകർന്നുകിടക്കുകയാണ്. അടിഭാഗത്തെ കോൺക്രീറ്റുകൾ ഇളകി കമ്പികൾ ദ്രവിച്ച നിലയിലാണ്. വാഹനങ്ങൾ പാലത്തിൽ കയറിയിറങ്ങുമ്പോൾ കോൺക്രീറ്റ് അടർന്നുവീഴുകയാണ്. കൈവരി തകർന്നതുമൂലം വാഹനങ്ങൾ വെള്ളത്തിൽ വീണ് അപകടങ്ങളുണ്ടായിട്ടുണ്ട്. പാലത്തിനടിയിലൂടെ വഞ്ചിയുമായി പോകാൻ മത്സ്യത്തൊഴിലാളികൾ ഭയക്കുന്നു. സ്കൂൾ കുട്ടികളുമായി വാഹനങ്ങള്‍ പാലം കയറുമ്പോൾ രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് വർധിക്കുകയാണ്. രാത്രിയാത്രയും ദുഷ്കരമാണ്. വടക്കേ കടക്കര ഭാഗത്ത് ഇരുന്നൂറിൽപരം വീടുണ്ട്. ഈ പാലം കടന്നു മാത്രമേ ഇവർക്ക് സഞ്ചരിക്കാനാകൂ. പുതിയ പാലം നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും നടപടി ഇഴഞ്ഞുനീങ്ങുകയാണ്. ടെൻഡർ നടപടി പൂർത്തിയായിട്ടില്ല. പാലം അടിയന്തരമായി നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. എന്നാൽ, അധികൃതരുടെ നിസ്സംഗത തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.