ദേശീയപാതയിലെ മൂന്ന്​ പാലം നവീകരിക്കാൻ 3.45 കോടിയുടെ പദ്ധതി സമർപ്പിച്ചു

പറവൂർ: ദേശീയപാത 17-ൽ മൂന്ന് പാലത്തി​െൻറ നവീകരണത്തിന് 3.45 കോടിയുടെ എസ്റ്റിമേറ്റ് കേന്ദ്രത്തിന് സമർപ്പിച്ചു. കുര്യാപ്പിള്ളി, പറവൂർ, ചെറിയപ്പിള്ളി പാലങ്ങളാണ് അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുക. മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 23 കി.മീ. പാത മൂന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും പുതുക്കിപ്പണിയാൻ കഴിയാത്ത സാഹചര്യത്തിലാണ് കാലപ്പഴക്കമുള്ള പാലങ്ങൾ ബലപ്പെടുത്തുന്നത്. മൂന്നുമാസം മുമ്പ് സർക്കാർ ഏർപ്പെടുത്തിയ കൺസൽട്ടൻസി പാലങ്ങളുടെ സുരക്ഷ പരിശോധന നടത്തിയിരുന്നു. മൂന്നുവർഷത്തിലൊരിക്കൽ പഴയപാലങ്ങളുടെ സുരക്ഷ പരിശോധിക്കാറുണ്ട്. പരിശോധന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പാലങ്ങൾ പുനരുദ്ധരിക്കുന്നത്. കുര്യാപ്പിള്ളി പാലം 1962ലും പറവൂർ പാലം 1978 ലും ചെറിയപ്പിള്ളി പാലം 1961ലുമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. 2001 ൽ വരാപ്പുഴ പാലം തുറന്നതോടെ കണ്ടെയ്നർ വാഹനങ്ങൾ ഉൾപ്പെടെ ഈ പാലങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാലങ്ങളുടെ അപകടാവസ്ഥ ദേശീയപാത അതോറിറ്റി ഉൾപ്പെടെ സ്ഥാപനങ്ങൾക്ക് അറിയാമെങ്കിലും ദേശീയപാത മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 45 മീറ്ററിൽ നിർമിക്കുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടുമെന്നതിനാൽ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. അതേസമയം, വരാപ്പുഴ പാലത്തിൽ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കോടതി നിർദേശപ്രകാരം ശാസ്ത്രീയ റോഡ് സുരക്ഷ പദ്ധതിക്ക് ദേശീയപാത അതോറിറ്റി രൂപം നൽകി. തൃശൂർ ജില്ലയിലെ വഴിയമ്പലം മുതൽ എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ കവല വരെ റോഡ് ശക്തിപ്പെടുത്താൻ 18 കോടി രൂപയുടെ എസ്റ്റിമേറ്റ് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.