ട്രഷറി നിയന്ത്രണം: അംഗൻവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്

കളമശ്ശേരി: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം വന്നതോടെ സാമ്പത്തിക പ്രശ്നത്താൽ അംഗൻവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് നഗരസഭ നൽകുന്ന വിഹിതവും പോഷകാഹാരത്തിനുള്ള പച്ചക്കറി, പാചകത്തിനുള്ള ഗ്യാസ് വാങ്ങിയ തുക, ജീവനക്കാർക്കും ഹെൽപർമാർക്കും നൽകേണ്ട അധിക വേതനം ഉൾപ്പെടെയാണ് ലഭിക്കാതായത്. ഇതോടെ, അംഗൻവാടികളുടെ പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. 2017 ഏപ്രിൽ മുതൽ ഉള്ള പണമാണ് അംഗൻവാടികൾക്ക് ലഭിക്കാനുള്ളത്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികൾക്ക് 3000 രൂപ സാമൂഹികനീതി വകുപ്പിൽനിന്നാണ് ലഭിക്കുന്നത്. ബാക്കി തുക നഗരസഭ ഫണ്ടിൽനിന്നും. തികയാതെ വരുന്നതിനും പച്ചക്കറി, പാചക വാതകം എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട്. കൂടാതെ, അംഗൻവാടി ജീവനക്കാർക്കുള്ള അധിക വേതനം നൽകുന്നതിനും പണം വകയിരുത്തിയിട്ടുണ്ടെങ്കിലും ട്രഷറിയിൽ പണം ഇല്ലാത്തതിനാൽ ലഭിക്കുന്നില്ലെന്നാണ് പരാതി. കളമശ്ശേരി നഗരസഭ അംഗൻവാടിയിലെ കുട്ടികൾക്ക് പോഷകാഹരത്തിന് 12,43,900 രൂപയുടെ പദ്ധതിക്കും ജീവനക്കാർക്കുള്ള വേതനം നൽകാൻ പ്ലാൻ ഫണ്ടിലും, ഓൺ ഫണ്ടിലും പണം വകയിരുത്തിയിട്ടുണ്ട്. ഇതിനകംതന്നെ നഗരസഭയുടെ പദ്ധതി തുകയുടെ 50 ശതമാനത്തോളം ട്രഷറിയിൽ നിന്നും മാറി. എന്നാൽ, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ട്രഷറിയിൽനിന്ന് ഒരു ലക്ഷത്തിന് താഴെയുള്ള ബില്ലുകൾ മാത്രമാണ് ഇപ്പോൾ മാറിനൽകുന്നത്. പല ജീവനക്കാരും അവർക്ക് ലഭിക്കുന്ന വേതനം ഉപയോഗിച്ചാണ് അംഗൻവാടികളിലെ ദൈനംദിന കാര്യങ്ങൾ നടത്തുന്നത്. പല അംഗൻവാടികൾക്കും 25,000 മുതൽ 35,000 രൂപ വരെ ലഭിക്കാനുണ്ടെന്ന് ഇതുമായി ബന്ധപ്പെടുന്നവർ പറയുന്നു. ഇത് പല അംഗൻവാടികളുടെയും പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുകയും അടച്ചുപൂട്ടൽ ഭീഷണിയിലും എത്തിനിൽക്കുകയുമാണെന്ന് ജീവനക്കാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.