മണ്ണിരവളവും ജി.എസ്​.ടി കുരുക്കിൽ

കൊച്ചി: ചരക്കുസേവനനികുതി (ജി.എസ്.ടി) സംസ്ഥാനത്തെ മണ്ണിരവള നിർമാണ യൂനിറ്റുകൾക്കും തിരിച്ചടിയായി. നികുതിയില്ലാതിരുന്ന മണ്ണിരവളത്തിന് ജി.എസ്.ടി വന്നതോടെ അഞ്ചു ശതമാനമാണ് നികുതി. ഇൗ മേഖലയെ ആശ്രയിച്ച് തൊഴിലെടുത്തിരുന്ന ആയിരങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. ഒാരോ ജില്ലയിലും നിരവധി ചെറുകിട മണ്ണിരവളം നിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. വലുപ്പമനുസരിച്ച് 5000 മുതൽ ഒരു ലക്ഷം രൂപവരെ മുതൽമുടക്കിയാണ് യൂനിറ്റുകൾ ആരംഭിച്ചത്. ഇതിന് കൃഷിഭവനുകൾവഴി സബ്സിഡിയും നൽകിയിരുന്നു. മണ്ണിരവളം നിർമാണരംഗത്ത് വൻകിട കമ്പനികളില്ല. അതുകൊണ്ടുതന്നെ ഇത് വരുമാനമാർഗമാക്കിയ ചെറുകിടക്കാർ നിരവധിയാണ്. മാലിന്യവും ചാണകവും മണ്ണിരയും ചേർത്തുണ്ടാക്കുന്ന മണ്ണിരവളത്തിന് ഏഴു രൂപ മുതൽ 15 രൂപവരെയാണ് കിലോക്ക് വില. സബ്സിഡി നൽകി ആരംഭിച്ച യൂനിറ്റുകളിൽനിന്ന് കൃഷിഭവനുകൾ മണ്ണിരവളം മൊത്തമായി വാങ്ങുകയായിരുന്നു പതിവ്. വൻകിട തോട്ടങ്ങൾക്കും നൽകിയിരുന്നു. അഞ്ചു ശതമാനം നികുതി വന്നതോടെ യൂനിറ്റുകൾ ജി.എസ്.ടി രജിസ്ട്രേഷൻ എടുക്കാൻ നിർബന്ധിതരായി. ഇതോടെ, പലരും ഇൗ മേഖലയിൽനിന്ന് പിന്മാറി. പല യൂനിറ്റുകളിലും ഇപ്പോൾ ഉൽപാദനമില്ല. ജി.എസ്.ടി രജിസ്ട്രേഷനില്ലാത്ത യൂനിറ്റുകളിൽനിന്ന് വളം സംഭരിക്കാൻ കൃഷിവകുപ്പും തയാറാകുന്നില്ല. മണ്ണിരവള നിർമാണം നിലച്ചതോടെ പലയിടത്തും മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. മണ്ണിരവള നിർമാണത്തിലൂടെ മാലിന്യനിർമാർജനത്തിന് സാധാരണക്കാർ ചെയ്യുന്ന സേവനം നികുതി ഒഴിവാക്കി അംഗീകരിക്കണമെന്നാണ് ഇൗ രംഗത്തുള്ളവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് തൊഴിലാളി കർഷകസംഘം ഭാരവാഹികൾ ധനമന്ത്രി ഡോ. ടി.എം. തോമസ് െഎസക്കിന് നിവേദനം നൽകിയിരുന്നു. മണ്ണിരവളം നിർമാണ യൂനിറ്റുകൾക്ക് നികുതികൂടി ഉൾപ്പെടുത്തി സബ്സിഡി അനുവദിക്കുന്നകാര്യം പരിഗണനയിലാണെന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.