കൊച്ചി: ഒരിക്കൽ മറ്റെല്ലാവരെയുംപോലെ ഒാടിനടന്നവർ. പിന്നീട് രോഗമോ അപകടമോ മൂലം അരക്കുതാഴെ ചലനശേഷി നഷ്ടമായപ്പോൾ ജീവിതം വീൽചെയറുകളിലേക്ക് പറിച്ചുനട്ടു. പക്ഷേ, ആരും തോൽക്കാൻ തയാറായിരുന്നില്ല. വീടിെൻറ നാല് ചുവരുകൾക്കുള്ളിലെ ഇരുട്ടിൽ ഒതുങ്ങുമായിരുന്ന ലോകത്തെ മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് അവർ പ്രകാശമാനമാക്കി. വിധിയെ പഴിക്കാതെ വിജയത്തിെൻറ വഴികളിലൂടെയായിരുന്നു യാത്ര. ഗായകർ, ചിത്രകാരന്മാർ, എഴുത്തുകാർ എല്ലാം ഇക്കൂട്ടത്തിലുണ്ട്. ബുധനാഴ്ച ബോൾഗാട്ടി പാലസിൽ കായലോരത്തെ തണുത്ത പകലിൽ ഒാണം--ഇൗദ് ആഘോഷത്തിന് അവർ ഒത്തുകൂടിയപ്പോൾ അത് തോൽക്കാൻ മനസ്സിലാത്തവരുടെ അപൂർവ കൂട്ടായ്മയായി. തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റിയാണ് 'ഇൗണം' എന്ന പേരിൽ വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ ആഘോഷം സംഘടിപ്പിച്ചത്. നെട്ടല്ലിന് ക്ഷതം ബാധിച്ച് വീൽചെയറിൽ സഞ്ചരിക്കുന്ന സ്ത്രീകളടക്കം നൂറോളം പേരും കുടുംബാംഗങ്ങളും പെങ്കടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹനങ്ങളിൽ വീൽചെയറുമായാണ് പലരും എത്തിയത്. 38 വർഷമായി വീൽചെയറിൽ സഞ്ചരിക്കുന്ന വാസുദേവശർമയും വിളക്കിലെ കരികൊണ്ട് ചിത്രം വരച്ച് വിസ്മയം തീർക്കുന്ന സന്തോഷും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ആശംസകളും െഎക്യദാർഢ്യവുമായി കല, -സാംസ്കാരിക, -രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമെത്തി. കലാകായിക മത്സരങ്ങൾ, സിംഗേഴ്സ് അറ്റ് തണലിലെ കലകാരന്മാർ ഒരുക്കിയ ഗാനവിരുന്ന് എന്നിവ പരിപാടിക്ക് കൊഴുപ്പേകി. പ്രതിഭസംഗമം, ഒാണക്കോടി വിതരണം, ഒാണസദ്യ, ലൈവ് കാരിക്കേച്ചർ ഷോ എന്നിവയും നടന്നു. ലോക വീൽചെയർ ബാസ്കറ്റ്ബാളിൽ വെങ്കലം നേടിയ പ്രതിഭകളെ ആദരിച്ചു. നടൻ വിനായകൻ മുഖ്യാതിഥിയായിരുന്നു. സിനിമതാരങ്ങളായ സീമ ജി. നായർ, വിനയ് ഫോർട്ട്, തണൽ രക്ഷാധികാരി അബൂബക്കർ ഫാറൂഖി, കൺവീനർ കെ.കെ. ബഷീർ, സൊസൈറ്റി സെക്രട്ടറി രാജീവ് പള്ളുരുത്തി, കെ.കെ. സലീം തുടങ്ങിയവർ പെങ്കടുത്തു. തണലിന് കീഴിൽ ജില്ലയിൽ 15 യൂനിറ്റുകളിലായി അഞ്ഞൂറോളം വളൻറിയർമാർ ആഴ്ചയിൽ അറുപതോളം ഹോംകെയർ സന്ദർശനങ്ങളിലൂടെ നൂറുകണക്കിന് രോഗികൾക്ക് സാന്ത്വനം നൽകിവരുന്നതായി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.