മൂവാറ്റുപുഴ: രണ്ടുവർഷം മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത നഗരസഭയുടെ ആധുനിക മത്സ്യ മാർക്കറ്റ് കാലിത്തൊഴുത്തായി. ഒന്നരക്കോടി രൂപ െചലവിൽ കേന്ദ്ര ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെ നഗരസഭ നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റാണ് കാലിത്തൊഴുത്തായി മാറിയിരിക്കുന്നത്. കഴിഞ്ഞ കൗൺസിലിെൻറ അവസാന സമയത്ത് ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും മാർക്കറ്റ് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ശീതീകരണ സംവിധാനങ്ങൾ അടക്കം എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് മാർക്കറ്റ് നിർമിച്ചത്. കഴിഞ്ഞ കുറെ ദിവസമായി കന്നുകാലി വ്യാപാരികൾ ഇവയെ മഴ നനയാതെ കെട്ടുന്നത് ഈ കെട്ടിടത്തിലാണ്. നഗരത്തിൽ അലയുന്ന കാലികളും ഭിക്ഷാടകരും സന്ധ്യയാകുന്നതോടെ ഇവിടെ തമ്പടിക്കുന്നതും പതിവായി. ഇതിനു പുറമെ മയക്കുമരുന്ന് മാഫിയയും സജീവമാണ്. മുനിസിപ്പൽ സ്റ്റേഡിയത്തിനു സമീപം 20 സെൻറ് സ്ഥലത്ത് നിർമിച്ച മാർക്കറ്റിന് ഇതുവരെ ചുറ്റുമതിൽ നിർമിക്കാൻ അധികൃതർ തയാറായിട്ടില്ല. വിജനമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന മാർക്കറ്റിെൻറ മുറ്റത്ത് സൂക്ഷിച്ചിരുന്ന നഗരസഭയുടെ ടാർ മോഷണംപോയ സംഭവം വിവാദമായതോടെ ചുറ്റുമതിൽ നിർമാണം നടത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പൊതുഖജനാവിൽനിന്ന് കോടികൾ മുടക്കി നിർമിച്ച മാർക്കറ്റ് അടിയന്തരമായി തുറന്നുകൊടുക്കണമെന്ന ആവശ്യവും ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.