ആലപ്പുഴ: സുസ്ഥിരവികസനം മുൻനിർത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആതുരാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷനൽ സർവിസ് സ്കീം പദ്ധതി ആവിഷ്കരിക്കുന്നു. എൻ.എസ്.എസ് ടെക്നിക്കൽ സെൽ നടപ്പാക്കുന്ന പുനർജനി പദ്ധതിയുടെ ഭാഗമായ ക്യാമ്പുകൾ ഓണാവധിക്കാലത്ത് നടപ്പാക്കും.യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ സർക്കാർ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ പരിമിതപ്പെടുന്ന അവസ്ഥ വളൻറിയർമാരുടെ സന്നദ്ധസേവനത്തിലൂടെ ഇല്ലാതാക്കാൻ രൂപകൽപന ചെയ്തിരിക്കുന്ന പദ്ധതിയാണ് പുനർജനി. സംസ്ഥാനത്താകെ 55 പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളാണ് ഈ വർഷം പദ്ധതിയുടെ കീഴിൽ പുനർനിർമാണപ്രവർത്തനങ്ങൾ നടത്താൻ െതരഞ്ഞെടുത്തിട്ടുള്ളത്. സർക്കാർ ആതുരാലയങ്ങളെ ആശ്രയിക്കുന്ന നിർധനരോഗികൾക്കും ആരോഗ്യ വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരദേവി അറിയിച്ചു. ആശുപത്രികളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങൾ, ഓപ്പറേഷൻ ടേബിളുകൾ, നെബുലൈസറുകൾ, ബി.പി അപ്പാരറ്റസ്, കട്ടിലുകൾ, മേശകൾ, ഡ്രിപ്പ് സ്റ്റാൻഡുകൾ, ട്രോളികൾ, വീൽ ചെയറൂകൾ, വൈദ്യുതി ജലവിതരണ സംവിധാനങ്ങൾ, മാലിന്യസംസ്കരണ സംവിധാനങ്ങൾ, തകർന്നുകിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങി ഓരോ ആശുപത്രിയുടെയും ആവശ്യങ്ങൾ മനസ്സിലാക്കി ഇതിനനുസരിച്ചാണ് ഈ പദ്ധതി വിഭാവനംചെയ്യുന്നത്. യുവത്വം ആസ്തികളുടെ പുനർനിമാണത്തിനായി എന്ന ലക്ഷ്യം മുൻനിർത്തി ഭൂരിപക്ഷംവരുന്ന യുവജനങ്ങളെ രാഷ്ട്രപുനർനിർമാണ പ്രക്രിയയിൽ പങ്കാളികളാക്കുക, സാമൂഹിക സേവനത്തിലൂടെ സ്വയം വളരാൻ അവസരം നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ പദ്ധതി നടപ്പാക്കുന്നത്. ഓണാവധിക്കാലത്ത് നടത്തുന്ന ഏഴുദിവസത്തെ ക്യാമ്പുകളിലൂടെ പത്തുകോടിയിലേറെ രൂപയുടെ ആസ്തികൾ പുനഃസൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.