മട്ടാഞ്ചേരി: നേവൽ ബേസിലെ കരാർ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. വിവിധ കരാറുകാരുടെ കീഴിൽ ജോലി ചെയ്യുന്ന മുന്നൂറിലധികം കൺസർവൻസി തൊഴിലാളികൾ അർഹമായ വേതനം, ബോണസ് എന്നിവ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനിശ്ചിതകാല പണിമുടക്ക് നടത്താൻ സതേൺ നേവൽ കമാൻഡൻറ് കോൺട്രാക്ട് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ജനറൽ ബോഡി യോഗം തീരുമാനിച്ചത്. നിലവിലെ കരാർ അവസാനിച്ച് 15 മാസം പിന്നിട്ടു. യൂനിയൻ കരാറിനുള്ള അവകാശപത്രിക സമർപ്പിച്ച് ഒരു വർഷം കഴിഞ്ഞിട്ടും വേതനവും മറ്റ് ആനുകൂല്യങ്ങളും പുതുക്കാൻ തയാറായിട്ടില്ല. ഇതിനിടെ, കേന്ദ്രസർക്കാർ എല്ലാവിഭാഗം തൊഴിലാളികളുെടയും മിനിമം വേതനം പുതുക്കി -2017 ജനുവരി മുതൽ പ്രാബല്യം നൽകി വിജ്ഞാപനം പുറപ്പെടുവിച്ച് ആറുമാസം കഴിഞ്ഞു. അതുപ്രകാരമുള്ള വേതനം നൽകാനും കരാറുകാർ തയാറായിട്ടില്ല. ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണറുടെ (സെൻട്രൽ) മധ്യസ്ഥതയിലെ ഒത്തുതീർപ്പ് ചർച്ചയിലും നിഷേധ നിലപാട് സ്വീകരിച്ചതായി തൊഴിലാളികൾ പറയുന്നു. നേവൽ ബേസിലെ ശുചീകരണജോലികൾ ചെയ്യുന്നത് കൂടുതലും സ്ത്രീകളാണ്. 350 രൂപ മാത്രമാണ് ഇവർക്ക് നൽകുന്നത്. കൂടാതെ, ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളുടെ കാര്യത്തിലും നിയമലംഘനം നടത്തുകയാണെന്നും യൂനിയൻ ജനറൽ സെക്രട്ടറി സി.ഡി. നന്ദകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.