കേരളത്തിലെത്തിയ ഗുർമീത് റാം റഹീം സിങ് ആലപ്പുഴയിൽ തങ്ങി ആലപ്പുഴ: ബലാത്സംഗ കേസിൽ ഹരിയാനയിലെ സി.ബി.െഎ കോടതി കുറ്റക്കാരനാണെന്ന് വിധിച്ച വിവാദ ആൾ ദൈവം ഗുർമീത് റാം റഹീം സിങ് ആലപ്പുഴയിലുമെത്തി. മൂന്നാർ സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ടുവർഷം മുമ്പ് കേരളത്തിൽ എത്തിയ ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീം സിങ് ആലപ്പുഴയിലെ റിസോർട്ടിൽ തങ്ങുകയുമുണ്ടായി. മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ടിലാണ് ഇസഡ് കാറ്റഗറി സുരക്ഷയുള്ള ആൾദൈവം താമസിച്ചത്. നാൽപതോളംവരുന്ന സംഘവും ഒപ്പമുണ്ടായിരുന്നു. നക്ഷത്ര പദവിയുള്ള റിസോർട്ടിലെ ഹോട്ടലിൽ കോണ്ടിനെൻറൽ വിഭവങ്ങളടക്കം ലഭ്യമായിരുന്നിട്ടും ഗുർമീത് സിങ് ഭക്ഷണമൊന്നും കഴിക്കുകയുണ്ടായില്ല. പാചകത്തിനായി പ്രത്യേക ഷെഫുമാരെ ഒപ്പംകൂട്ടിയിരുന്നു. ധ്യാനവും മറ്റുമൊക്കെയായി ആൾദൈവവും സംഘവും ദിവസങ്ങൾ കഴിച്ചുകൂട്ടിയെങ്കിലും പുറംലോകം അറിഞ്ഞില്ല. ജില്ല പൊലീസ് സംവിധാനത്തിനുപോലും ഒരു പരിധിക്കപ്പുറം വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇസഡ് കാറ്റഗറി സുരക്ഷയുള്ളയാളുടെ കാര്യത്തിൽ തങ്ങൾക്ക് മറ്റൊന്നും ചെയ്യാനില്ലായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങളുടെ നിലപാട്. മൂന്നാറിലേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുമുള്ള യാത്ര പൊലീസിന് അതീവ തലവേദനയായിരുന്നു സൃഷ്ടിച്ചിരുന്നത്. വിനോദസഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയതായിരുന്നു സിങ്ങിെൻറ മൂന്നാറിലെ സന്ദർശനമെങ്കിൽ ആലപ്പുഴയിൽ ആരുെടയും ശ്രദ്ധയിൽ പെടാതെയായിരുന്നു താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.