ആലപ്പുഴ: ഹൗസ്ബോട്ടുകൾക്ക് ലൈസൻസ് നിഷേധിക്കുന്ന തുറമുഖ വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് ഇൗ മാസം 30ന് ഹൗസ്ബോട്ടുകളും ശിക്കാര മോട്ടോർ ബോട്ടുകളും പണിമുടക്കുമെന്ന് കായൽ ടൂറിസം സംയുക്ത സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് തുറമുഖ വകുപ്പിെൻറ ജില്ല ഓഫിസിലേക്ക് തൊഴിലാളികൾ ഉപരോധസമരം നടത്തും. നിലവിൽ 2016ന് ശേഷം ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന യാനങ്ങൾക്ക് തുറമുഖ വകുപ്പ് അധികൃതർ ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ഇതുകാരണം അപകടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് ഏജൻസികളിൽനിന്ന് നഷ്ടപരിഹാരം കിട്ടുന്നില്ല. കടലിനും കായലിനും ഒരേ നിയമമായ കേരള ഇൻലാൻഡ് വെസൽ റൂൾ നിലവിൽ വന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഈ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൗസ്ബോട്ട് ഉടമകൾ സർക്കാറിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ലൈസൻസിങ് അതോറിറ്റിയായ തുറമുഖ വകുപ്പ് ഈ വ്യവസായത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവർ ആരോപിച്ചു. ആയിരത്തിഅഞ്ഞൂറോളം ഉള്ള ഹൗസ്ബോട്ട് മേഖലയിൽ 632 എണ്ണത്തിന് മാത്രമാണ് ലൈസൻസ് ഉള്ളത്. ഇതിൽതന്നെ പലതിെൻറയും കാലവധി കഴിയാറുമായി. ലൈസൻസ് ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് സർക്കാർ സ്റ്റോപ് മെമ്മോ നൽകിരിക്കുകയാണ്. സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ കായൽ ടൂറിസം മേഖല അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും. ജോസുകുട്ടി ജോസഫ്, പി.കെ. സജീവ്കുമാർ, സി.ടി. ജോസഫ്, തൊമ്മി ജോസഫ്, ഇ. അനസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.