മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ പ്രാക്ടീസ്​: റിപ്പോർട്ട് നൽകണമെന്ന്​ ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ

പെരുമ്പാവൂർ: സർക്കാർ ഡോക്ടർമാർ മാനദണ്ഡങ്ങൾ മറികടന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല മെഡിക്കൽ ഓഫിസർമാരോട് ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ ആവശ്യപ്പെട്ടു. പോളിക്ലിനിക്കുകൾ, ലബോറട്ടറികൾ, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയവയിൽ ബോർഡ് സ്ഥാപിച്ച് സർക്കാർ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ സത്വര നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം ചികിത്സ പാടില്ലെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകണമെന്നും സർക്കുലറിലുണ്ട്. സർക്കാർ ഡോക്ടർമാർ ആശുപത്രികളിൽനിന്ന് ലീവെടുത്ത് ചികിത്സ നടത്തുന്നുവെന്ന ആരോപണം നേരത്തേമുതലുണ്ട്. സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലങ്ങളിൽ മുടങ്ങാതെ എത്തുന്ന ഡോക്ടർമാർ ആശുപത്രികളിൽ പല ദിവസങ്ങളിലും അവധിയിലായിരിക്കുമെന്ന് ആക്ഷേപങ്ങളുണ്ടായി. ഇത് സംബന്ധിച്ച നിരവധി പരാതികൾ ആരോഗ്യ വിഭാഗം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. മഴക്കാല രോഗങ്ങളും പകർച്ച വ്യാധികളും പടർന്ന് പിടിച്ചപ്പോൾ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ സേവനം ആവശ്യത്തിന് ലഭ്യമായിരുന്നില്ലെന്ന ആരോപണം വ്യാപകമായിരുന്നു. ആശുപത്രികളുടെ സമീപമുള്ള കെട്ടിടങ്ങളിൽ മുറികൾ വാടകക്കെടുത്ത് പ്രാക്ടീസ് നടത്തുന്ന ഡോക്ടർമാരുടെ എണ്ണം വർധിച്ച് വരുന്നതായി റിപ്പോർട്ടുണ്ട്. തുടർന്നാണ് 14 ജില്ല മെഡിക്കൽ ഓഫിസർമാർക്കും ആരോഗ്യവകുപ്പ് അഡീഷനൽ ഡയറക്ടർ (വിജിലൻസ്) ഡോ. ബി. ശ്രീലത കഴിഞ്ഞ 21ന് സർക്കുലർ അയച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.