കടൽക്ഷോഭത്തി​െൻറ ഇരയായ 149 കുടുംബങ്ങൾക്ക് സർക്കാർ നീതി 'പടിക്ക് പുറത്ത്'

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് മുതൽ വണ്ടാനം വരെയുള്ള തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടമായ ഇരകൾക്ക് സർക്കാർ നീതി നിഷേധിക്കുന്നു. അഞ്ചുവർഷമായി 149 കുടുംബങ്ങളാണ് പുനരധിവാസം കാത്ത് ഇവിടെ കഴിയുന്നത്. അടച്ചുറപ്പുള്ള വീട്, ആരോഗ്യപ്രശ്നങ്ങൾ, പെൺകുട്ടികളുടെ സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദുരിതബാധിതർ ജില്ല ഭരണസിരാകേന്ദ്രത്തിൽ നിരന്തരം കയറിയിറങ്ങിയിട്ടും കലക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അനങ്ങിയില്ല. ഇപ്പോൾ ഈ കുടുംബങ്ങൾ വണ്ടാനത്തെ റെയിൽവേ പുറേമ്പാക്ക് ഭൂമി, അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്കൂളിന് സമീപം, കരൂർ എൽ.പി സ്കൂൾ പരിസരം, പഴയങ്ങാടി കരിനില വികസന ഏജൻസി പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിൽ അനാഥരെപോലെ കഴിയുകയാണ്. വെയിലും മഴയുമേറ്റ് പ്ലാസ്റ്റിക് ഷീറ്റ് മറച്ച് അടുത്തടുത്തായി താൽക്കാലിക ഷെഡ് ഉണ്ടാക്കി താമസിക്കുന്ന ഈ കുടുംബങ്ങളുടെ പ്രശ്നങ്ങൾ സർക്കാർ അറിയാൻ ശ്രമിക്കാത്തതിൽ അരയ സമുദായത്തിൽപെട്ട യുവജന സംഘടനയായ വേദവ്യാസ ധർമ പ്രചാരസഭ പ്രതിഷേധം രേഖപ്പെടുത്തി. നിലവിൽ തോട്ടപ്പള്ളി ഹാർബറിൽ ഐ.ആർ.ഇ എന്ന കമ്പനി നടത്തുന്ന അശാസ്ത്രീയ കരിമണൽ ഖനനമാണ് ഈ കുടുംബങ്ങളെ വഴിയാധാരമാക്കിയത്. സർക്കാർ ഇതിന് കൂട്ടുനിന്നതോടെ തീരപ്രദേശം വെള്ളക്കെട്ടിൽ മുങ്ങി. വീടുകൾ നഷ്ടമായവരെ മാറ്റിപാർപ്പിക്കുക മാത്രമാണ് അധികാരികൾ ചെയ്തത്. ആദ്യ മൂന്നുമാസം സൗജന്യ റേഷൻ വിതരണം ചെയ്തു. എന്നാൽ, പിന്നീട് അത് നിലച്ചു. ഭക്ഷണം ലഭിക്കാതെ വലഞ്ഞതോടെ പലരും ക്യാമ്പ് ഉപേക്ഷിച്ച് ബന്ധുവീടുകളിലും മറ്റും അഭയം തേടി. ഇതോടെ ക്യാമ്പിലുള്ളവരുടെ എണ്ണം 114 കുടുംബങ്ങളായി ചുരുങ്ങി. അതിനിടെ ക്യാമ്പിൽ രണ്ട് മരണവും സംഭവിച്ചു. ഇവർക്ക് അന്ത്യകർമങ്ങൾപോലും നിഷേധിക്കപ്പെട്ടു. പ്രശ്നം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും എം.എൽ.എമാർക്കും ഈ കുടുംബങ്ങൾ നിവേദനം നൽകി. വീട് വെക്കുന്നതിന് സ്വന്തമായി സ്ഥലം കണ്ടെത്തണമെന്നായിരുന്നു സർക്കാറി​െൻറ ഒടുവിൽ വന്ന നിർദേശം. വീടുവെക്കുന്നതിന് 10 ലക്ഷം രൂപ ധനസഹായം നൽകാമെന്നും സർക്കാർ മുന്നോട്ടുവെച്ചു. എന്നാൽ, സ്ഥലം കണ്ടെത്തി നൽകിയെങ്കിലും പുനരധിവാസ നടപടികളുമായി സർക്കാർ മുന്നോട്ടുപോയില്ല. ഇതോടെ ക്യാമ്പിൽ കഴിയുന്നവരുടെ ദുരിതം ഇരട്ടിച്ചു. പ്രായപൂർത്തിയായ പെൺകുട്ടികൾ അടക്കമുള്ളവർ വസിക്കുന്ന ഈ ക്യാമ്പിൽ ഇപ്പോൾ നിരന്തരം സാമൂഹികവിരുദ്ധരുടെ ശല്യവും ഉണ്ടാകുന്നുണ്ട്. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവർ മനുഷ്യാവകാശ കമീഷനും കേന്ദ്ര മന്ത്രിമാർക്കും നിവേദനം അയച്ചുകഴിഞ്ഞു. നവംബർ ഒന്നിനകം പുനരധിവാസം നടന്നില്ലെങ്കിൽ വൻ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വേദവ്യാസ ധർമ പ്രചാരസഭ സംസ്ഥാന ജനറൽ സെക്രട്ടറി ഭരത് അരയൻ, പ്രസിഡൻറ് എൻ. നിജിത്ത്, കോഓഡിനേറ്റർ ജി. അഖിലേഷ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.