കോലഞ്ചേരി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ യാക്കോബായസഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവ മലങ്കരയിലെ മെത്രാപ്പോലീത്തമാരുമായി കൂടിക്കാഴ്ച നടത്തും. ഈമാസം ഏഴിന് ബൈറൂത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ മലങ്കരയിലെ അഞ്ച് മെത്രാപ്പോലീത്തമാർ പങ്കെടുക്കും. സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ് മാർ തിമോത്തിയോസ്, സുന്നഹദോസ് സെക്രട്ടറി ജോസഫ് മാർ ഗ്രിഗോറിയോസ്, മീഡിയ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിേലാസ്, കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ ഇവാനിയോസ്, നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നത്. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവെയയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. യാക്കോബായ സഭയുടെ നിയമപരമായ നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്ന സുപ്രീംകോടതി വിധി വന്ന് ഒരു മാസം പിന്നിടുമ്പോഴും സഭാ മേലധ്യക്ഷനായ പാത്രിയാർക്കീസ് ബാവ പ്രതികരിക്കാതിരുന്നത് ചർച്ചയായിരുന്നു. എന്നാൽ, നിയമപരമായ പ്രശ്നങ്ങളുള്ളതിനാലാണ് പ്രതികരണങ്ങളിൽനിന്ന് വിട്ടുനിന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം. ഇതേതുടർന്ന് പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ചക്ക് മലങ്കരയിലെ പ്രാദേശിക നേതൃത്വം അനുമതി ചോദിക്കുകയായിരുന്നു. സുന്നഹദോസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്ന് മെത്രാപ്പോലീത്തമാരെ അയക്കാനാണ് പ്രാദേശിക നേതൃത്വം താൽപര്യം പ്രകടിപ്പിച്ചതെങ്കിലും മോർ തിമോത്തിയോസ്, മോർ തെയോഫിലോസ് എന്നിവരെ പാത്രിയാർക്കീസ് ബാവതന്നെ സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പാത്രിയാർക്കീസ് ബാവയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയാറാണെന്ന് ഓർത്തഡോക്സ് നേതൃത്വം അറിയിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങൾ ചർച്ചകളിൽ വരുമെന്നാണ് വിവരം. ചർച്ചകൾക്ക് മെത്രാൻ സമിതിയെ നിയോഗിച്ചേക്കുമെന്നും അറിയുന്നു. സുപ്രീംകാടതി വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ റിവിഷൻ ഹരജിയും അടുത്ത ദിവസങ്ങളിൽ കോടതിയുടെ പരിഗണനക്ക് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.