കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് വാഴയിലയിൽ തന്നെ തുടരെട്ടയെന്ന് ഹൈകോടതി. വാഴയിലയടക്കമുള്ള മാലിന്യങ്ങൾ ഗുരുവായൂർ നഗരസഭ കാലതാമസമില്ലാതെ നീക്കം ചെയ്യണമെന്നും ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇലയിലെ പ്രസാദമൂട്ട് നിലനിർത്താനാണ് ഉത്തരവ്. പ്രസാദമൂട്ടിന് വാഴയിലയ്ക്കു പകരം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരെ ചേറായി സ്വദേശി രാജേഷ്. എ നായർ നൽകിയ ഹരജി ഫയലിൽ സ്വീകരിച്ച കോടതി ഗുരുവായൂർ ദേവസ്വമടക്കമുള്ള എതിർ കക്ഷികളോട് വിശദീകരണവും തേടി. പ്രസാദമൂട്ടിന് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ ജൂലായ് ഒന്നിനാണ് ക്ഷേത്രം അധികൃതർ തീരുമാനമെടുത്തത്. വാഴയിലയുൾപ്പെടെയുള്ള മാലിന്യങ്ങൾ ഏറ്റെടുത്ത് സംസ്കരിക്കാനാവില്ലെന്ന് ഗുരുവായൂർ നഗരസഭ അറിയിച്ചതിനെത്തുടർന്നായിരുന്നു തീരുമാനം. തുടർന്നാണ് ഭക്തരുടെ വിശ്വാസത്തിനും ക്ഷേത്രാചാരത്തിെൻറ പവിത്രതയ്ക്കും യോജിക്കുന്നത് വാഴയിലയിലെ പ്രസാദമൂട്ടാണെന്ന് ചൂണ്ടിക്കാട്ടി ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഗുരുവായൂർ ദേവസ്വം നിയമപ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ പാലിക്കേണ്ടതുണ്ട്. തന്ത്രിയാണ് ആചാരാനുഷ്ഠാനങ്ങളിലെ അവസാന വാക്കെന്നിരിക്കെ ദേവസ്വം ഇത്തരമൊരു തീരുമാനമെടുത്തത് ശരിയായില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ ദിനങ്ങളിൽ 2,000 പേരും വിശേഷ ദിനങ്ങളിലും അവധി ദിനങ്ങളിലും 25,000 -50,000 പേരും പ്രസാദമൂട്ടിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.