കൊച്ചി: എച്ച് 1 എൻ 1 ബാധിച്ച് ആലുവ സ്വദേശിനിയായ ഗർഭിണി മരിച്ച സംഭവത്തിൽ എല്ലാ സ്വകാര്യ ആശുപത്രികൾക്കും രോഗപ്രതിരോധ നിർദേശം അയച്ചതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. കുട്ടപ്പൻ അറിയിച്ചു. ചൊവ്വാഴ്ച വരെ 55 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. നിരവധി പേർക്ക് രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഡിഫ്ത്തീരിയ ബാധിച്ച് ചികിത്സയിലായ വാഴക്കുളം മുടിക്കൽ സ്വദേശിയായ ആറ് വയസ്സുകാരൻ സുഖം പ്രാപിക്കുന്നു. ജില്ലയിൽ രോഗ പ്രതിരോധ പ്രവർത്തനം ശക്തമായി തുടരുകയാണെന്നും ഡി.എം.ഒ അറിയിച്ചു. മുടിക്കലിൽ ആരോഗ്യപ്രവർത്തകർ 156 വീടുകൾ സന്ദർശിച്ച് രോഗബാധയെക്കുറിച്ച് ബോധവത്കരണം നടത്തി. മൂന്ന് പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 37 പേർക്ക് മുൻകരുതൽ ചികിത്സ നടത്തി. രോഗബാധ മൂലം അസം സ്വദേശി മരിച്ച തൃക്കാക്കരയിൽ ബുധനാഴ്ച 136 വീടുകളിൽ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. രണ്ടുപേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. കലൂർ മേഖലയിൽ ഡിഫ്ത്തീരിയ ആദ്യം സംശയിക്കപ്പെട്ട വ്യക്തിയുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവാണെന്ന് റിപ്പോർട്ട് ലഭിച്ചു. മുൻകരുതൽ നടപടി മേഖലയിൽ തുടരുകയാണ്. 125 വീടുകളിൽ ആരോഗ്യപ്രവർത്തകർ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തി. രോഗബാധ സംശയിക്കപ്പെട്ട് ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള ഇരുമ്പനം സ്വദേശിനിയുടെയും മട്ടാഞ്ചേരി സ്വദേശി വിദ്യാർഥിയുടെയും വീടുകളുടെ പരിസരങ്ങളിൽ ആരോഗ്യ പ്രവർത്തകർ സർവേ നടത്തി. മട്ടാഞ്ചേരിയിൽ 88 ഉം ഇരുമ്പനത്ത് 100 ഉം വീടുകളിൽ ബോധവത്കരണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.