കാലടി മേഖലയില്‍ ഗുണ്ടാസംഘങ്ങളുടെ തേര്‍വാഴ്ച

കാലടി: മേഖലയില്‍ ഗുണ്ടകള്‍ അഴിഞ്ഞാട്ടം തുടരുമ്പോഴും പൊലീസിന് നിസ്സംഗത. കാലടി, മലയാറ്റൂര്‍-നീലീശ്വരം, മഞ്ഞപ്ര, അയ്യമ്പുഴ പഞ്ചായത്തുകളില്‍ വടിവാള്‍-ഗുണ്ടാസംഘങ്ങള്‍ തേര്‍വാഴ്ച തുടരുമ്പോള്‍ നിയന്ത്രിക്കാനാവാതെ പൊലീസ് നട്ടംതിരിയുകയാണ്. തിങ്കളാഴ്ച രാവിലെ എഴരക്ക് ഗുണ്ടാസംഘങ്ങള്‍ തമ്മിലെ കുടിപ്പകയില്‍ യുവാവിന്‍െറ ജീവനാണ് പൊലിഞ്ഞത്.കൈപ്പട്ടൂര്‍ ഇഞ്ചക്ക വീട്ടില്‍ സനലിനെയാണ് (33) കാറിലത്തെിയ മൂന്നംഗ ഗുണ്ടാസംഘം വടിവാളിന് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവം പ്രദേശമാകെ ഭീതി പരത്തിയിരിക്കുകയാണ്. സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലിന് സമീപമുള്ള പുത്തന്‍കാവ് ക്ഷേത്ര റോഡില്‍ വെച്ചാണ് സ്കൂട്ടറില്‍ കാറിടിപ്പിച്ച് റോഡില്‍ തെറിച്ച് വീണ യുവാവിനെ വിദ്യാര്‍ഥിനികളുടെയും ക്ഷേത്ര ദര്‍ശനത്തിനത്തെിയവരുടെയും മറ്റ് യാത്രക്കാരുടെയും മുന്നിലിട്ട് തുരുതുരാ വെട്ടിയത്. റോഡില്‍ സനലിന്‍െറ ചോരയും എല്ലിന്‍ കഷണങ്ങളും ചിതറിക്കിടന്നു. ഈസമയം സംഭവസ്ഥലത്തുനിന്ന് അരക്കിലോ മീറ്റര്‍ മാറിയുള്ള സര്‍വകലാശാല ഗെസ്റ്റ് ഹൗസില്‍ കേന്ദ്ര സഹമന്ത്രി ഡോ. മഹീന്ദ്രനാഥ് പാണ്ഡയും സംഘവുമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മലയാറ്റൂര്‍ കാടപ്പാറയിലെ വിവാഹവീട്ടില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടുകയും ഒരാള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍പെട്ട ഒരു പ്രതിയെ പൊലീസ് പിടികൂടി വിലങ്ങുവെച്ച് കൊണ്ടുവരുമ്പോള്‍ ഇയാള്‍ പൊലീസിനെ വെട്ടിച്ച് പെരിയാറ്റില്‍ ചാടി രക്ഷപ്പെട്ടു. ഗുണ്ടാ നിയമ പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള 40ഓളം ഗുണ്ടകള്‍ മേഖലയിലുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാവുന്നില്ലന്ന പരാതികള്‍ക്കിടെയാണ് ആക്രമണങ്ങള്‍ തുടരുന്നത്. ഇത്തരം സംഘങ്ങളെ സംരക്ഷിക്കാന്‍ വിവിധ രാഷ്ട്രീയ സംഘടനകളുടെ ചില പ്രദേശിക നേതാക്കളും രംഗത്തുള്ളതും പൊലീസിന് ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തടസ്സമാകുന്നുണ്ട്. കാലടിയില്‍ സ്ഥിരമായി എസ്.ഐ, സി.ഐമാര്‍ ഇല്ലാത്തതും ക്രിമിനലുകളുടെ അഴിഞ്ഞാട്ടം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.പൊലീസുകാര്‍ക്ക് ഹെല്‍മറ്റ് പരിശോധനയും മദ്യപന്മാരെ പിടികൂടാനുമാണ് ഏറെ താല്‍പര്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.