കൃഷിക്ക് വെള്ളം നല്‍കാതെ അധികൃതരുടെ വഞ്ചന

ഏലൂര്‍: ഷട്ടര്‍ അടച്ചിട്ട് കൃഷിക്ക് ആവശ്യമായ വെള്ളം തരാമെന്ന വാഗ്ദാനം ലംഘിച്ച് ഷട്ടര്‍ തുറന്നിട്ട് അധികൃതര്‍ മാലിന്യം തള്ളുന്നവരെ സഹായിക്കുന്നതായി ആക്ഷേപം. എടയാറ്റ്ചാല്‍ പുഞ്ചപ്പാടത്തെ കൃഷിക്കായി പെരിയാറിന് കുറുകെയുള്ള പാതാളം ബ്രിഡ്ജിലെ ഷട്ടറുകള്‍ അടച്ചിട്ട് ആവശ്യമായ വെള്ളം തരാമെന്ന ഉറപ്പ് ലംഘിച്ചാണ് മാലിന്യം തള്ളുന്നവരെ സഹായിക്കുന്നതെന്ന് ആക്ഷേപം. വര്‍ഷങ്ങളായി കൃഷിയിറക്കാതെ തരിശായി കിടന്ന പാടശേഖരത്ത് കൃഷിയിറക്കാന്‍ കര്‍ഷകരെ സംഘടിപ്പിച്ച് മുന്നിട്ടിറങ്ങിയ എം.എല്‍.എയും കടുങ്ങല്ലൂര്‍ പഞ്ചായത്തും ഇക്കൊല്ലം ഇതിനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി പാതാളത്തെ റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടര്‍ അടച്ചിട്ട് ആവശ്യത്തിന് ജലം നല്‍കാമെന്ന ധാരണ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ 31ന് ഷട്ടര്‍ അടക്കാമെന്നായിരുന്നു ധാരണ. എന്നാല്‍, ഷട്ടര്‍ അടക്കാന്‍ അധികൃതര്‍ താല്‍പര്യം കാണിച്ചിരുന്നില്ളെന്ന് മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയായി ഈ ഭാഗത്തെ പുഴയിലേക്ക് ദിവസവും രാസമാലിന്യം ഒഴുക്കി കൊണ്ടിരിക്കുകയാണ്. ഇതുമൂലം പാതാളം ഷട്ടറിന് അകത്തും പുറത്തും പുഴ ചുവന്ന നിറത്തിലാണ് ഒഴുകുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാതെ വന്നപ്പോള്‍ നാട്ടുകാര്‍ സംഘടിച്ച് ഷട്ടറുകള്‍ അടക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അതിന് അധികൃതര്‍ തയാറാകാതെ വന്നപ്പോള്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. അതോടെ അധികൃതര്‍ ബ്രിഡ്ജിലെ ഒന്നൊഴികെയുള്ള മറ്റെല്ലാ ഷട്ടറുകളും അടക്കാന്‍ തയാറായി. ഒരു ഷട്ടര്‍ തുറന്നിട്ടിരിക്കുന്നത് മാലിന്യം ഒഴുക്കുന്നവരെ സഹായിക്കാനാണെന്നാണ് എടയാറ്റ്ചാല്‍ കര്‍ഷകസംഘം ആരോപിക്കുന്നത്. എടയാറ്റ് ചാലിലെ പാടശേഖരത്തിലേക്ക് ബ്രിഡ്ജിന് സമീപത്തുനിന്നും ഭീമന്‍ പൈപ്പ് സ്ഥാപിച്ചിട്ടുള്ളതാണ്. ഇതുവഴിയാണ് വെള്ളം പാടശേഖരത്തേക്ക് എത്തിക്കുന്നത്. ഷട്ടര്‍ താഴ്ത്തിയാലെ പൈപ്പിലൂടെ ജലം കൃഷിയിടത്തേക്ക് എത്തുകയുള്ളൂ. അതേസമയം ഞായറാഴ്ചയും മാലിന്യത്താല്‍ പുഴ നിറം മാറിയാണ് ഒഴുകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.