പറവൂരില്‍ മൂന്നാഴ്ചക്കുള്ളില്‍ മൂന്നാമത്തെ പരിശോധന: ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവിഭാഗം പരിശോധന

പറവൂര്‍: നഗരത്തിലെ പ്രധാന ഹോട്ടലുകളിലും റെസ്റ്റാറന്‍റുകളിലും ബേക്കറി നിര്‍മാണ കേന്ദ്രങ്ങളിലും നഗരസഭാ ആരോഗ്യവിഭാഗം അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പിടികൂടി. ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന പഴകിയ എണ്ണ, ദോശ, കപ്പ, മീന്‍ വറുത്തത്, ചോറ്, ഫ്രൈഡ് റൈസ്, നെയ്ചോറ്, മുട്ട, ബജി, അച്ചാറുകള്‍, വിവിധതരം ചിപ്സ്, ബേക്കറി പലഹാരങ്ങള്‍ എന്നിവയാണ് പരിശോധനയില്‍ പിടികൂടിയത്. വളരെ പഴക്കം ചെന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പൊതുജനങ്ങളുടെ ശ്രദ്ധക്കായി നഗരസഭാ പ്രവേശകവാടത്തില്‍ പ്രദര്‍ശിപ്പിച്ചു. പറവൂര്‍ ഗാലക്സി, കനാല്‍ റോഡിലെ പ്രാണ ഹെറിറ്റേജ്, വഴിക്കുളങ്ങരയിലെ ടി.എസ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്‍റ്, നാസര്‍ ബേക്കറി എന്നിവടങ്ങളില്‍നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തുമായ സാധനങ്ങള്‍ പിടിച്ചെടുത്തത്. ടി.എസ് റെസ്റ്റാറന്‍റില്‍ തൃപ്തികരമായ ശുചിത്വ സംവിധാനം ഇല്ലാത്തതിനാല്‍ ഈ സ്ഥാപനത്തിന്‍െറ അംഗീകാരം സസ്പെന്‍റ് ചെയ്യുകയും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. നഗരസഭാ ആരോഗ്യവിഭാഗം സൂപ്പര്‍വൈസര്‍ സി.ജി. ജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.പി. ജയിംസ്, ജിന്‍സി ലാസര്‍, അനൂപ് കുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.