തിരയില്‍പെട്ട വിദ്യാര്‍ഥിനിയെ രക്ഷിച്ച അധ്യാപികക്ക് നാടിന്‍െറ ആദരം

കാലടി: സ്കൂളില്‍നിന്ന് വിനോദയാത്രക്കുപോയ വിദ്യാര്‍ഥിനിയെ കടല്‍ത്തിരയില്‍ നിന്നും രക്ഷിച്ച അധ്യാപികക്ക് ഗ്രാമപഞ്ചായത്തിന്‍െറ ആദരം. കാലടി പടയാട്ടി വീട്ടില്‍ പരേതനായ സ്റ്റീഫന്‍െറ ഭാര്യ എല്‍സിക്കാണ് കാലടി ഗ്രാമപഞ്ചായത്ത് ധീരതക്കുള്ള അവാര്‍ഡ് നല്‍കിയത്. വല്ലം സെന്‍റ് തെരേസാസ് എല്‍.പി.സ്കൂളില്‍ നിന്നുള്ള വിനോദയാത്രാസംഘത്തിലെ മൂന്നാം ക്ളാസ് വിദ്യാര്‍ഥിനി ജെസിനയാണ് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തെ തിരയില്‍പെട്ടത്. ചെരുപ്പ് കടല്‍ത്തിരയില്‍പെട്ടപ്പോള്‍ എടുക്കാന്‍ തുനിഞ്ഞ കുട്ടി തിരയില്‍പെടുകയായിരുന്നു. ഇതുകണ്ട എല്‍സി തിരയിലേക്കെടുത്തുചാടി കുട്ടിയെ രക്ഷപ്പെടുത്തി. അധ്യാപികയെ ധീരതക്കുള്ള അവാര്‍ഡിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ പി.ടി.എയും വിദ്യാഭ്യാസ ഓഫിസറും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്കൂളില്‍നിന്ന് വിരമിച്ച ടീച്ചറെ ആദരിക്കാന്‍ കാലടി ഗ്രാമപഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.തുളസി ആദരിച്ചു. പഞ്ചായത്തംഗങ്ങളായ മിനി ബിജു, അല്‍ഫോന്‍സ പൗലോസ്, വാലസ് പോള്‍, റൂബി ആന്‍റണി, ഉഷ ബാലന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.