ഇടവഴികള്‍ നിറഞ്ഞ് മാലിന്യം

ആലുവ: നഗരത്തില്‍ മാലിന്യം തള്ളാനുള്ള സുരക്ഷിത സ്ഥലമായി മാറിയിരിക്കുകയാണ് ബൈപാസ് മേല്‍പാലത്തിന് കീഴിലെ അടിപ്പാതകള്‍. പാലത്തിനടിയില്‍ നിരവധി ഇടവഴികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതില്‍ തിരക്ക് കുറഞ്ഞ വഴികളിലാണ് മാലിന്യം കൊണ്ടിടുന്നത്. നഗരസഭ ഉള്‍പ്പെടെ ഇവിടെ മാലിന്യം തള്ളുന്നതായി ആരോപണമുണ്ട്. അതിനാല്‍ മാലിന്യം തള്ളാനുള്ള ഒൗദ്യോഗിക കേന്ദ്രമായി ഇത്തരം ഇടവഴികള്‍ മാറിയിട്ടുണ്ട്. വഴിയരികിലെ ഉയര്‍ന്നതും കാടുമൂടിയതുമായ ഭാഗങ്ങള്‍, കാനകള്‍, ചെറിയ കുഴികള്‍, തോടുകള്‍ എന്നിവിടങ്ങളിലെല്ലാം മാലിന്യം തള്ളുന്നുണ്ട്. മാര്‍ക്കറ്റിലെ മാലിന്യം മുതല്‍ അറവ് മാലിന്യം വരെ ഇവിടെയാണ് തള്ളുന്നത്. പ്ളാസ്റ്റിക് മാലിന്യത്താല്‍ പ്രദേശം നിറഞ്ഞിരിക്കുകയാണ്. മാലിന്യം കൂടിക്കിടന്ന് ചീഞ്ഞളിഞ്ഞ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതുകാരണം പലരും യാത്രക്കായി വഴികള്‍ ഉപയോഗിക്കാറുമില്ല. കാനകളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നത് വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്. അശാസ്ത്രീയ കാന നിര്‍മാണവും വെള്ളക്കെട്ടിന് ഇടയാക്കുന്നു. മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് അടിപ്പാതക്ക് കുറുകെയും സര്‍വിസ് റോഡിന് സമാന്തരമായും കാന നിര്‍മിച്ചിട്ടുള്ളത്. അടിപ്പാതയുടെ ഭാഗത്ത് കാനയുടെ ഉയരം കൂടുതലാണ്. മഴ പെയ്യുമ്പോള്‍ അടിപ്പാതയില്‍ എത്തുന്ന വെള്ളം ഒഴുകിപ്പോകാതെ ഇവിടെ തന്നെ കെട്ടിക്കിടക്കുന്ന സാഹചര്യമാണുള്ളത്. മാലിന്യം കലര്‍ന്ന വെള്ളക്കെട്ട് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.