പിറവം: പിറവം മേഖലയില്‍ അഞ്ചുദിവസം നീണ്ട സ്വകാര്യബസ് പണിമുടക്ക് ശനിയാഴ്ച വൈകുന്നേരത്തോടെ പിന്‍വലിച്ചപ്പോഴുള്ള ബാക്കിപത്രം പരിശോധിച്ചാല്‍ ആര് ജയിച്ചു, ആര് തോറ്റു എന്ന് ചോദിച്ചാല്‍ ഒരു ഉത്തരമെയുള്ളൂ. ജയിച്ചത് ആരായാലും തോറ്റത് പൊതുജനംതന്നെ. 130 സ്വകാര്യബസുകള്‍ കയറിയിറങ്ങിപ്പോകുന്ന ഒരു പ്രദേശത്ത് അഞ്ചുദിവസമായി ബസുകള്‍ ഓടാതിരുന്നാല്‍ ആ പ്രദേശത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന യാത്രാക്ളേശം ഏതൊരു ഭരണനേതൃത്വത്തിനു ഊഹിക്കാവുന്നതെയുള്ളൂ. ഈ ദിവസങ്ങളില്‍ പിറവത്തുകാര്‍ക്ക് ഒരുകാര്യം മനസ്സിലായത് കേരളത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സേവന രംഗമാണത്. നിയോജകമണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റികളിലും എട്ട് പഞ്ചായത്തിലും ഉള്‍പ്പെടെ 90 ശതമാനം പ്രദേശങ്ങളിലും യാത്രാസൗകര്യം കൊട്ടിയടക്കപ്പെട്ടിട്ടും ഭരണനേതൃത്വമോ രാഷ്ട്രീയ നേതൃത്വമോ സമയബന്ധിതമായി പരിഹാരത്തിന് ശ്രമിച്ചിരുന്നില്ല.ഞായറാഴ്ച ഉച്ചകഴിഞ്ഞ് പിറവം പട്ടണത്തില്‍ അത്തച്ചമയ സാംസ്കാരിക സായാഹ്ന ഘോഷയാത്ര നടക്കുന്നുവെന്നതാണ് ശനിയാഴ്ചയെങ്കിലും ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഭരണനേതൃത്വത്തെ പ്രേരിപ്പിച്ചത്. മുനിസിപ്പല്‍ ചെയര്‍മാന്‍ സാബു കെ. ജേക്കബിന്‍െറയും മൂവാറ്റുപുഴ ആര്‍.ഡി.ഒ എം.ജി. രാമചന്ദ്രന്‍െറയും നേതൃത്വത്തില്‍ ബസുടമകളുടെ പ്രതിനിധികളും യൂനിയന്‍ പ്രതിനിധികളും പിറവം മുനിസിപ്പാലിറ്റി ഓഫിസില്‍ നടത്തിയ ചര്‍ച്ച ഒരു മണിക്കൂറിനുള്ളില്‍ ഫലം കണ്ടെങ്കില്‍ എന്തിനിത് ഇത്രയും വലിച്ചുനീട്ടിയെന്നതാണ് പൊതുജനങ്ങളുടെ ചോദ്യം. മറ്റു മേഖലകളില്‍ കൊടുക്കുന്ന വേതനം ആവശ്യപ്പെടുക എന്നത് തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തെറ്റായി കാണാനാകില്ല. ഒരു ബസിലെ മൂന്ന് തൊഴിലാളികള്‍ക്കും കൂടി 420 രൂപയുടെ വ്യത്യാസമാണ് പ്രതിദിന വേതനത്തില്‍ വരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇത് 300 രൂപ എന്ന നിലയില്‍ നിശ്ചയിച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പാണ് ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിക്കപ്പെട്ടത്. കഴിഞ്ഞദിവസം കാക്കനാട് റീജനല്‍ ലേബര്‍ കമീഷണറുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഓണോത്സവത്തിന്‍െറ ഭാഗമായി അത്തച്ചമയഘോഷയാത്രയാണ് പിറവം മേഖലയയിലെ യാത്രക്കാര്‍ക്ക് തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.