മൂവാറ്റുപുഴ-ആട്ടായം-കോതമംഗലം ബസ് സര്‍വിസ്; എ.ടി.ഒയെ തടഞ്ഞു

മൂവാറ്റുപുഴ: ആട്ടായം, മുളവൂര്‍ വഴി കോതമംഗലത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എ.ടി.ഒയെ തടഞ്ഞു. മൂവാറ്റുപുഴ ഡിപ്പോയിലെ ഓഫിസിലത്തെിയായിരുന്നു ഉപരോധം. സര്‍വിസ് നിര്‍ത്തിയതു മൂലം സാധാരണക്കാരായ യാത്രക്കാര്‍ വലയുകയാണെന്ന് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച ഡിപ്പോ സന്ദര്‍ശിച്ച കെ.എസ്.ആര്‍.ടി.സി. എം.ഡി സര്‍വിസ് ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ളെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നവംബര്‍ അഞ്ചിന് സര്‍വിസ് പുനരാരംഭിക്കാമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതോടെയാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിച്ചത്. മൂവാറ്റുപുഴയില്‍നിന്ന് കീച്ചേരിപ്പടി, ആസാദ് റോഡ്, ആട്ടായം, മുളവൂര്‍ വഴി കോതമംഗലത്തേക്കുള്ള ബസ് സര്‍വിസ് ഒരു പതിറ്റാണ്ടു മുമ്പാണ് ആരംഭിച്ചത്. മൂവാറ്റുപുഴ-കോതമംഗലം ദേശീയപാതക്ക് സമാന്തരമായുള്ള 14 കിലോമീറ്റര്‍ വരുന്ന റൂട്ടിലെ സര്‍വിസ് നൂറുകണക്കിനാളുകളുടെ ആശ്രയമായിരുന്നു. കര്‍ഷകത്തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ ഏക ആശ്രയമായിരുന്ന സര്‍വിസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതോടെ അമിതകൂലി കൊടുത്ത് മറ്റ് യാത്രാമാര്‍ഗങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു പ്രദേശവാസികള്‍. ഡ്രൈവര്‍മാരില്ളെന്ന കാരണം പറഞ്ഞാണ് മികച്ച വരുമാനമുണ്ടായിരുന്ന സര്‍വിസ് നിര്‍ത്തിവെച്ചത്. പരാതിയും പ്രതിഷേധവും വര്‍ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല. അതേസമയം, രാഷ്ട്രീയ കാരണങ്ങളാണ് സര്‍വിസ് അട്ടിമറിച്ചതിന് പിന്നിലെന്നാണ് സൂചന. പാര്‍ട്ടി നേതാക്കളായ നസീര്‍ അലിയാര്‍, അബ്ദുസ്സലാം, കെ.എസ്. ഷാജി, എം.എ. യൂനുസ്, പി.എം. കൊച്ചുമുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.