സി.ഐ.ടി.യു പിന്മാറിയ സമരം ഏറ്റെടുത്ത് എ.ഐ.ടി.യു.സി

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍െറ ഉദയംപേരൂര്‍ ബോട്ടിലിങ് പ്ളാന്‍റില്‍ ട്രക് തൊഴിലാളികളില്‍ ഒരു വിഭാഗം ആരംഭിച്ച പണിമുടക്ക് എ.ഐ.ടി.യു.സി ഏറ്റെടുത്തു. സി.ഐ.ടി.യു പിന്മാറിയ സമരമാണ് ഐ.ഒ.സി കോണ്‍ട്രാക്ട് ആന്‍ഡ് കാഷ്വല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) ഏറ്റെടുത്തത്. സമരം ഏറ്റെടുക്കുന്നതിന്‍െറ ഭാഗമായി ബുധനാഴ്ച കമ്പനി ഗേറ്റില്‍ നടന്ന സമ്മേളനം എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ടി. രഘുവരന്‍ ഉദ്ഘാടനം ചെയ്തു. ബി.എം.എസും സമരരംഗത്തുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന ഉഭയകക്ഷി ചര്‍ച്ചയെ തുടര്‍ന്നാണ് സി.ഐ.ടി.യു സമരത്തില്‍നിന്ന് പിന്മാറിയത്. ചര്‍ച്ചയിലെ വ്യവസ്ഥ തൊഴിലാളി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഈ സാഹചര്യത്തിലാണ് സമരം ഏറ്റെടുക്കുന്നതെന്നും ഐ.ഒ.സി കോണ്‍ട്രാക്ട് ആന്‍ഡ് കാഷ്വല്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി ടി. രഘുവരന്‍ പറഞ്ഞു. പരുമല ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിയുടെ 26 ലോറി ഡ്രൈവര്‍മാരാണ് ഈ മാസം ഒന്ന് മുതല്‍ പണിമുടക്കിയിട്ടുള്ളത്. ലോഡുമായി പോകുന്ന ട്രക്കുകള്‍ക്ക് ആവശ്യത്തിന് ഡീസല്‍ അനുവദിച്ച് നല്‍കാന്‍ ഏജന്‍സി ഉടമ തയാറാകാത്തതിനാല്‍ ലോറികള്‍ വഴിയില്‍ കിടക്കുന്നത് പതിവായതിനെ തുടര്‍ന്നായിരുന്നു സമരം. ഒരു വാഹനത്തിന് 50 ലിറ്റര്‍ ഡീസലാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ഇത് 60 ലിറ്ററാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഡീസലിനു പകരം ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കാമെന്ന വ്യവസ്ഥയാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ അധികൃതര്‍ മുന്നോട്ടുവെച്ചത്. സി.ഐ.ടി.യു അംഗീകരിച്ചുവെങ്കിലും ഇത് സ്വീകാര്യമല്ളെന്ന നിലപാടിലാണ് തൊഴിലാളികളില്‍ ഒരു വിഭാഗം. നേരത്തേ രണ്ടുവട്ടം ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഒരു യൂനിയനുകളുടെയും ആഹ്വാനമില്ലാതെതന്നെ ട്രക് തൊഴിലാളി സമരത്തിന് പിന്തുണയുമായി മൊത്തം ട്രക് ഡ്രൈവര്‍മാരും രണ്ടു മണിക്കൂര്‍ സൂചന പണിമുടക്കും നടത്തിയിരുന്നു. ഉദയംപേരൂരിലെ സി.പി.എം നേതാവായിരുന്ന ടി. രഘുവരന്‍െറ നേതൃത്വത്തില്‍ സി.പി.എമ്മിലെ ഒരു വിഭാഗം അടുത്തിടെ പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നത് സംസ്ഥാനത്ത് സി.പി.എം-സി.പി.ഐ ബന്ധം ഉലച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.