സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ വിഗ്രഹം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോലഞ്ചേരി: പട്ടിമറ്റത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ച സംഭവത്തില്‍ ഒരാളെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ചൂരക്കോട് കുറ്റീത സുബ്രഹ്മണ്യനെയാണ് (സുപ്രന്‍-49)സി.ഐ ജെ. കുര്യാക്കോസിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകരായ സുകുമാരന്‍ പൂഞ്ചേരി(46), റോബിന്‍ രവി (28) എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലമുടമയുടെ പരാതിയില്‍ കരുതിക്കൂട്ടി കലാപം സൃഷ്ടിക്കാനുള്ള ശ്രമം, അതിക്രമിച്ചുകയറല്‍ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പട്ടിമറ്റം-കിഴക്കമ്പലം റോഡില്‍ കണ്ടങ്ങത്താഴം ഇറക്കത്തിന് സമീപമാണ് ഞായറാഴ്ച രാവിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ മൂന്ന് വിഗ്രഹങ്ങള്‍ കണ്ടത്തെിയത്. വിഗ്രഹങ്ങള്‍ സ്വയംഭൂവാണെന്ന വാദവുമായി ചില സംഘടനകള്‍ രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. എന്നാല്‍, സംഭവത്തിനുപിന്നില്‍ ദുരൂഹത ആരോപിച്ച് സ്ഥലമുടമ കുന്നത്തുനാട് പൊലീസിന് പരാതി നല്‍കി. പ്രശ്നം മൂര്‍ഛിച്ചതോടെ ചൊവ്വാഴ്ച പുലര്‍ച്ചെ ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശപ്രകാരം പൊലീസ് വിഗ്രഹങ്ങള്‍ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ ആര്‍.ഡി.ഒ ഓഫിസിലേക്ക് മാറ്റി. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശനന്‍, കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് എന്നിവര്‍ വിവിധ സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും സ്ഥലമുടമ സ്ഥലത്തില്ലാത്തതിനാല്‍ അന്തിമ തീരുമാനമായില്ല. അതിനിടെ, ചൊവ്വാഴ്ച വൈകുന്നേരം സംഘ്പരിവാറിന്‍െറ നേതൃത്വത്തില്‍ വീണ്ടും വിഗ്രഹം സ്ഥാപിച്ചെങ്കിലും പൊലീസ് ഇടപെട്ട് നീക്കി. തുടര്‍ന്ന് പ്രദേശം പൊലീസ് കസ്റ്റഡിയിലെടുത്ത് പൂര്‍വസ്ഥിതിയിലാക്കി പിക്കറ്റ് ഏര്‍പ്പെടുത്തി. സ്വകാര്യവ്യക്തിയുടെ പറമ്പില്‍ വിഗ്രഹം സ്ഥാപിച്ച് മുതലെടുപ്പ് നടത്താനുളള സംഘ്പരിവാര്‍ സംഘടനകളുടെ നീക്കം പൊലീസ് ഇടപെടലിനത്തെുടര്‍ന്ന് പാളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.