അര്‍ബന്‍ 2020 പദ്ധതി: മൂവാറ്റുപുഴ നഗരസഭ 50 കോടി പാഴാക്കി

മൂവാറ്റുപുഴ: കേന്ദ്രാവിഷ്കൃത പദ്ധതിയായ അര്‍ബന്‍ 2020യില്‍നിന്ന് മൂവാറ്റുപുഴക്ക് ലഭിക്കേണ്ട 50 കോടി രൂപ നഗരസഭ പാഴാക്കി. മുന്‍ ഭരണസമിതി സംസ്ഥാന സര്‍ക്കാര്‍ മുഖേന കേന്ദ്രത്തിന് സമര്‍പ്പിച്ച് അംഗീകാരം വാങ്ങിയ പദ്ധതിയാണ് നഷ്ടമായത്. നഗരത്തിലെ ഫൈ്ള ഓവറുകള്‍, ജങ്ഷനുകളുടെ നവീകരണം, ഓടനവീകരണം, ട്രീറ്റ്മെന്‍റ് പ്ളാന്‍റുകള്‍, നഗര സൗന്ദര്യവത്കരണം എന്നിവക്കുവേണ്ടിയാണ് 50 കോടി അനുവദിച്ചത്. പദ്ധതി നടത്തിപ്പിന്‍െറ 80 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍ 20 ശതമാനം തുക സംസ്ഥാനം വഹിക്കണം എന്നതായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം പദ്ധതികളും എസ്റ്റിമേറ്റും തയാറാക്കി പദ്ധതിക്ക് അംഗീകാരം നേടിയെങ്കിലും 20 ശതമാനം തുക മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഇതാണ് പദ്ധതി തകിടംമറിയാന്‍ കാരണമായത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പട്ടണത്തിന്‍െറ മുഖച്ഛായ മാറിയേനെ. സംസ്ഥാന സര്‍ക്കാര്‍ വിഹിതം ലഭിക്കില്ളെന്ന് ബോധ്യമായിട്ടും പദ്ധതിക്കുവേണ്ടി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ഭരണസമിതി തയാറായിട്ടില്ല. അര്‍ബണ്‍ 2020 പദ്ധതിക്ക് പിന്നാലെ ലോകബാങ്കിന്‍െറ നാലുകോടി മുടക്കിയുള്ള പുതിയ ടൗണ്‍ ഹാള്‍ നിര്‍മാണ പദ്ധതിയും ജലരേഖയായി. ശ്മശാനത്തിന് സമീപം പുതിയ ടൗണ്‍ ഹാളിന് സ്ഥലം കണ്ടത്തെി പദ്ധതി വിഭാവനം ചെയ്തെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ലോകബാങ്കിന്‍െറ ധനസഹായത്തോടെയുള്ള ആധുനിക മത്സ്യമാര്‍ക്കറ്റ് നവീകരണ പദ്ധതിയും നഷ്ടമാവുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. നഗരത്തിന്‍െറ മൊത്തം വികസനം മുന്നില്‍കണ്ട് പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുസ്സലാം, കൗണ്‍സിലര്‍മാരായ കെ.എസ്. ജയകൃഷ്ണന്‍ നായര്‍, സി.എം. ഷുക്കൂര്‍, ഷാലിന ബഷീര്‍, പ്രമീള ഗിരീഷ്കുമാര്‍, ഷൈല അബ്ദുല്ല, സുമിഷാ നൗഷാദ്, ജയ്സണ്‍ തോട്ടത്തില്‍, ജിനു ആന്‍റണി എന്നിവര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.