സ്വകാര്യബസ് സമരം തുടരുന്നു ; നട്ടം തിരിഞ്ഞ് യാത്രക്കാരും വ്യാപാരികളും

പറവൂര്‍: ആറുദിവസമായി തുടരുന്ന സ്വകാര്യബസ് തൊഴിലാളികളുടെ പണിമുടക്ക് മൂലം പറവൂര്‍ മേഖലയില്‍ വ്യാപരികളും യാത്രക്കാരും ദുരിതത്തിലായി. മുനിസിപ്പല്‍ സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കച്ചേരിപ്പടിയിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും കച്ചവടം നിലച്ച സ്ഥിതിയിലാണ്. സ്റ്റാന്‍ഡിനകത്തും സമാന്തരറോഡിലും പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകള്‍, വസ് ്രവ്യാപാര സ്ഥാപനങ്ങള്‍, ഇതര വാണിജ്യസ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കുന്നതിനാല്‍ ജനങ്ങളും ബുദ്ധിമുട്ടിലാണ്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വഴിയോരകച്ചവടം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞദിവസം കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച ബസുടുമകളുടെയും തൊഴിലാളി സംഘടനകളുടെയും പിടിവാശി മൂലം പരാജയപ്പെടുകയായിരുന്നു. പിറവം മേഖലയില്‍ തൊഴിലാളി -ബസുടമാ സംഘടനകള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അംഗീകരിക്കണമെന്ന കലക്ടറുടെ ആവശ്യം ഇരുകൂട്ടരും തള്ളിയതോടെ സമരം തുടരുകയാണ്. അതേസമയം, പണിമുടക്കിന് പിന്തുണയുമായി നിരവധി സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. പറവൂര്‍ മേഖലാ മോട്ടോര്‍ തൊഴിലാളി കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നഗരത്തില്‍ പ്രകടനം നടത്തി. പി.ആര്‍. പ്രസാദ്, വി.സി. പത്രോസ് എന്നിവര്‍ നേതൃത്വം നല്‍കി. സമരം തീര്‍പ്പാക്കിയില്ളെങ്കില്‍ വൈപ്പിന്‍-പറവൂര്‍ മേഖലയിലെ മോട്ടോര്‍ തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. സമരം ഉടന്‍ തീര്‍പ്പക്കണമെന്ന് കെ.എല്‍.സി.എ കോട്ടപ്പുറം രൂപതാ യൂനിറ്റ് ആവശ്യപ്പെട്ടു. അലക്സ് താളുപാടത്ത് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ നടത്തിവരുന്ന സത്യഗ്രഹസമരം മുന്‍. എം.പി കെ.പി. ധനപാലന്‍ ഉദ്ഘാടനം ചെയ്തു. പി.എസ്. ശ്യാം ജിത്ത് അധ്യക്ഷത വഹിച്ചു. അഡ്വ.എന്‍.എ. അലി. കെ.ബി. അറുമുഖന്‍, ടി.ബി. മിനി, പി.സി. സുബ്രഹ്മണ്യന്‍, വി.എം. ഫൈസല്‍, വി.സി. പത്രോസ് എന്നിവര്‍ സംസാരിച്ചു. സമരം ശക്തമാക്കുന്നതിന്‍െറ ഭാഗമായി വ്യാഴാഴ്ച പഴയ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഉപരോധസമരം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.