കുടിവെള്ളക്ഷാമം നേരിടാന്‍ നടപടി; ‘മഴപ്പൊലിമ’ ജില്ലയിലേക്കും

കൊച്ചി: വേനലിനത്തെുടര്‍ന്നുണ്ടായേക്കാവുന്ന കുടിവെള്ളക്ഷാമം നേരിടാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല വിളിച്ചുചേര്‍ത്ത വിവിധ വകുപ്പു പ്രതിനിധികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച കര്‍മപരിപാടികള്‍ക്ക് രൂപംനല്‍കി. ഇതനുസരിച്ച് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. ഓരോ മണ്ഡലത്തിലും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പ്രത്യേകമായി തയാറാക്കാന്‍ നിര്‍ദേശം നല്‍കി. പുതിയ പദ്ധതികള്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍, ഫണ്ട് കിട്ടാത്തതുമൂലം മുടങ്ങിക്കിടക്കുന്നത് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ തയാറാക്കി കലക്ടര്‍ക്ക് സമര്‍പ്പിക്കണം. പ്രധാന ജലസ്രോതസ്സുകളിലൊന്നായ പുറപ്പള്ളിക്കാവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. കുടിവെള്ളം, കൃഷി എന്നിവക്കായി ഫണ്ട് ലഭ്യമാക്കും. ജില്ലയുടെ വിവിധ കുടിവെള്ള പദ്ധതികളില്‍ പുതിയ മോട്ടോറുകള്‍, സ്റ്റാന്‍ബൈ എന്നിവ ആവശ്യമുണ്ടെങ്കില്‍ അതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ റിപ്പോര്‍ട്ട് നല്‍കണം. ഇതിനുള്ള ഫണ്ടിന് കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. തൃപ്പൂണിത്തുറ, ഉദയംപേരൂര്‍ ഭാഗങ്ങളില്‍ നേരിടുന്ന കടുത്ത ജലക്ഷാമം പരിഹരിക്കുന്നതിന് ചൂണ്ടിയില്‍ ചെക്ഡാം നിര്‍മിക്കുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ചചെയ്യും. തുതിയൂരില്‍ റോഡ് വികസിപ്പിക്കാനായി പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കണമെന്ന് വാട്ടര്‍ അതോറിറ്റിക്കും റോഡ് എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കെ.എസ്.ടി.പിക്കും നിര്‍ദേശം നല്‍കി. ജില്ലയിലെ കാലപ്പഴക്കം വന്ന പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടികളും പൂര്‍ത്തിയാക്കണം. കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ അച്ചപ്പന്‍നായര്‍ കവല മുതല്‍ കരിമുകള്‍ വരെയുള്ള ഭാഗത്ത് റോഡ് പണി വേഗത്തില്‍ പൂര്‍ത്തിയാക്കി പൈപ്പ് മാറ്റിസ്ഥാപിക്കാന്‍ അവസരമൊരുക്കണമെന്ന് കെ.എസ്.ടി.പിക്കും നിര്‍ദേശം നല്‍കി. ഇതിനുള്ള ഫണ്ട് കെ.എസ്.ടി.പിക്ക് അനുവദിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കും. തൃശൂര്‍ ജില്ലയില്‍ മഴവെള്ളം സംഭരിക്കുന്നതിന് സ്വീകരിച്ച ‘മഴപ്പൊലിമ പദ്ധതി’ ജില്ലയിലും നടപ്പാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. നടപടികള്‍ ഏകോപിപ്പിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ വേനലിന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ഡിസാസ്റ്റര്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ കെ.ബി. ബാബു, ജില്ലാ ആസൂത്രണ സമിതി ഓഫിസര്‍ സാലി ജോസഫ്, ജൂനിയര്‍ സൂപ്രണ്ട് ബീന ആനന്ദ്, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്, കെ.എസ്.ടി.പി, കെ.എസ്.ഇ.ബി ഉള്‍പ്പെടെ മറ്റ് വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.