ആലുവ പാലസ് അനക്സ് തുറക്കാത്തതില്‍ മനുഷ്യാവകാശ കമീഷന് അതൃപ്തി

ആലുവ: ആലുവ പാലസ് അനക്സ് കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ മനുഷ്യാവകാശ കമീഷന്‍ ബന്ധപ്പെട്ടവരോട് വിശദീകരണം തേടി. ജനുവരി 16നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. നിര്‍മാണം ആരംഭിച്ച് 13 വര്‍ഷം പിന്നിട്ട ശേഷമായിരുന്നു ഉദ്ഘാടനം. നിലവിലെ പാലസ് കെട്ടിടത്തില്‍ അസൗകര്യമേറെയാണ്. അനക്സ് പ്രവര്‍ത്തനസജ്ജമായാലേ നിലവിലെ കെട്ടിടത്തിലെ അറ്റകുറ്റപ്പണി നടത്താന്‍ കഴിയൂ. പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനം കഴിഞ്ഞാല്‍ പഴയ കെട്ടിടത്തിലെ അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അനക്സ് പ്രവര്‍ത്തനം ആരംഭിക്കുന്നത് നീണ്ടുപോകുന്നത് നിലവിലെ കെട്ടിടത്തിന്‍െറ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. അനക്സ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാവാതെ ഉദ്ഘാടനം ചെയ്തത് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍െറ വിജയത്തിന് വേണ്ടിയാണെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് അനക്സ് കെട്ടിടം ഇന്നും അടഞ്ഞുകിടക്കുന്ന കാഴ്ച. മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസാണ് അധികൃതരുടെ അനാസ്ഥക്കെതിരെ സ്വമേധയാ കേസെടുത്തത്. കമീഷന്‍െറ സിറ്റിങ്ങുകള്‍ പാലസിലാണ് നടക്കുന്നത്. അതിനാല്‍തന്നെ പാലസ് അനക്സ് അടഞ്ഞുകിടക്കുന്നത് കമീഷന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ആക്ടിങ് ചെയര്‍മാന്‍ നടപടിയെടുത്തത്. ടൂറിസം സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരോട് ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.