പേഗന്‍ ഫെസ്റ്റിന് ഇന്ന് തുടക്കം

കൊച്ചി: അന്തരിച്ച ചിത്രകാരന്‍ പേഗന്‍ എന്ന രഞ്ജിത് തോമസിന്‍െറ സ്മരണാര്‍ഥം കൊച്ചിയില്‍ പേഗന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പേഗന്‍ ഫൗണ്ടേഷന്‍, മാധവന്‍ നായര്‍ ഫൗണ്ടേഷന്‍, കേരള മ്യൂസിയം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ദശദിനോത്സവം ‘പേഗന്‍ ഫെസ്റ്റ് 2016’ നടക്കുന്നത്. ചിത്രകാരന്മാര്‍, ഫോട്ടോഗ്രാഫാര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗായകര്‍, ശില്‍പികള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, എഴുത്തുകാര്‍, സാങ്കേതിക വിദഗ്ധര്‍, നാടന്‍ കലാകാരന്മാര്‍, നാടക പ്രവര്‍ത്തകര്‍, ചലച്ചിത്രകാരന്മാര്‍ തുടങ്ങി വിവിധ കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച മുതല്‍ 17 വരെ ഇടപ്പള്ളി കേരള ആര്‍ട്സ് ആന്‍ഡ് ഹിസ്റ്ററി മ്യൂസിയത്തിലാണ് ഫെസ്റ്റ് അരങ്ങേറുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ഗാലറികളിലായി നടക്കുന്ന ചിത്രശില്‍പ ഫോട്ടോ പ്രദര്‍ശനമാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെമിനാറുകള്‍, കവിതാ സായാഹ്നം, ചര്‍ച്ചകള്‍, സംഗീതാവതരണങ്ങള്‍, ഡോക്യുമെന്‍ററി പ്രദര്‍ശനം, പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം, നൃത്തപരിപാടികള്‍ തുടങ്ങിയവയുണ്ടാകും. പേഗന്‍ ചിത്രകല പ്രദര്‍ശനം ഉപയോജകന്‍ അജി അടൂരിന്‍െറ മേല്‍നോട്ടത്തില്‍ നടക്കും. പേഗന്‍ സംഗീത സായാഹ്നങ്ങളില്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും മാഗ്സസെ പുരസ്കാര ജേതാവുമായ ടി.എം. കൃഷ്ണ, തായംബക കലാകാരന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കര്‍ണാടക സംഗീതജ്ഞരായ കെ.ജെ. ചക്രപാണി, ശ്രീവത്സന്‍ ജെ. മേനോന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സിനിമാ നടന്‍ സിദ്ധാര്‍ഥ് ഭരതന്‍, നടി മൈഥിലി, വാസുദേവന്‍ വര്‍മ, വിജയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.