ഐ.എസ്.എല്‍ പൂരത്തിന് കൊച്ചിയൊരുങ്ങി

കൊച്ചി: തൃശൂര്‍ക്കാര്‍ക്ക് പൂരമുണ്ടെങ്കില്‍ കൊച്ചിക്കാര്‍ക്ക് ഐ.എസ്.എല്‍ മത്സരങ്ങളാണ് പൂരം. കൊട്ടും കുരവയും പാട്ടുമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പ് മത്സരങ്ങള്‍ക്ക് കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ മഞ്ഞയണിഞ്ഞ കേരള ബ്ളാസ്റ്റേഴ്സ് ആരാധകര്‍ നഗരം കൈയടക്കും. ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയ നവീകരണവുമായി ബന്ധപ്പെട്ട് അല്ലറചില്ലറ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എല്ലാ ആശങ്കകളും പരിഹരിച്ച് പുരുഷാരത്തിന് മധ്യത്തില്‍ കേരളത്തിന്‍െറ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സ് ആദ്യ ഹോം മത്സരത്തിന് ബുധനാഴ്ച കൊച്ചിയിലിറങ്ങുകയാണ്. നാട്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ കൊമ്പന്മാര്‍ക്ക് ആവേശം പകരാന്‍ കാണികള്‍ക്കിടയില്‍ ടീം സഹ ഉടമയും അംബാസഡറുമായ സചിന്‍ ടെണ്ടുല്‍കറും സ്ഥാനം പിടിക്കും. സചിന്‍െറ സാന്നിധ്യം ഗാലറികളെ ഇളക്കിമറിക്കുമെന്നുറപ്പ്. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഐ.എസ്.എല്‍ മത്സരങ്ങള്‍ കാണാനായി സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരങ്ങള്‍ കൊച്ചിയിലേക്കൊഴുകും. ടിക്കറ്റ് വില്‍പന നല്ലതോതില്‍ നടക്കുന്നുണ്ടെന്ന് കേരള ബ്ളാസ്റ്റേഴ്സ് അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിന്‍കോര്‍പ് എന്നിവക്കു പുറമെ, വെബ്സൈറ്റ് വഴിയും മത്സര ദിവസങ്ങളില്‍ സ്റ്റേഡിയത്തിലെ പ്രത്യേക കൗണ്ടര്‍ വഴിയും ടിക്കറ്റ് വില്‍പന നടക്കും. കളി നടക്കുന്ന ദിവസങ്ങളില്‍ മലബാറില്‍നിന്ന് കൊച്ചിയിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങിലും വന്‍വര്‍ധനവുണ്ടായിട്ടുണ്ട്. ആരാധകരുടെ നിരന്തര ആവശ്യപ്രകാരം ഇക്കുറി സീസണ്‍ ടിക്കറ്റും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്ഘാടന മത്സരം കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചത്തെിയ ടീമിന് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയിരുന്നത്. ബാന്‍ഡ്മേളവുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകര്‍ ടീം അംഗങ്ങളെ കാത്തിരുന്നു. ഞായറാഴ്ച കൊച്ചിയിലത്തെിയ ടീം തിങ്കളാഴ്ച തൃപ്പൂണിത്തുറ ചോയ്സ് സ്കൂള്‍ ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.