വയല്‍ നികത്തല്‍: പ്രതിഷേധം ശക്തം

മൂവാറ്റുപുഴ: മൂവാറ്റുപുഴ വില്ളേജ് ഓഫിസ് പരിധിയിലെ വയല്‍ നികത്തലിനും രൂപമാറ്റം വരുത്തലിനും എതിരെ പ്രതിഷേധം ശക്തമാകുന്നു. അനധികൃതമായി വയല്‍ നികത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കിസാന്‍ സഭ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. നിര്‍മല കോളജ് കവലമുതല്‍ കാവനവരെ പ്രദേശങ്ങളിലാണ് വയല്‍ നികത്തലും രൂപമാറ്റം വരുത്തലും വ്യാപകമായത്. പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സംഘങ്ങള്‍ വയലുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലരും ബിനാമി പേരുകളിലാണ് വസ്തുവാങ്ങിയത്. ചെറിയ തുകക്ക് വയല്‍ വാങ്ങി തെങ്ങ്, മഹാഗണി തുടങ്ങിയവ വെച്ചുപിടിപ്പിക്കും. പിന്നീട് രൂപംമാറ്റി നികത്തിയെടുത്ത് വില്‍ക്കുകയാണ് ലക്ഷ്യം. മൂവാറ്റുപുഴയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ഉടമ നാലേക്കര്‍ പാടം കാവനയില്‍ സ്വന്തമാക്കി പൈനാപ്ള്‍ നട്ടിട്ടുണ്ട്. സ്ഥലത്തുനിന്ന് ആഴത്തില്‍ മണ്ണ് മാറ്റി. കാവന കെ.ആര്‍.വിക്ക് സമീപം 20 സെന്‍റ് സ്ഥലവും തൊട്ടടുത്തായി 1.5 ഏക്കര്‍ പാടശേഖരവും തെങ്ങ് നട്ടു. ഇവിടത്തെന്നെയുള്ള കഴുവേലില്‍ പാടത്ത് കമുകും മാവും നട്ടുപിടിപ്പിച്ച് രൂപം മാറ്റി. ഇതിനടുത്ത പാറക്കല്‍ പാടശേഖരത്തില്‍ മാവ്, തെങ്ങ് എന്നിവയാണ് നട്ടത്. കുറച്ച് ഭാഗം നികത്തിയിട്ടുമുണ്ട്. ആനിക്കാട് ചിറപ്പടിക്കുസമീപം പുല്‍പറമ്പില്‍ പാടശേഖരത്തില്‍ നിലം നികത്തി കെട്ടിടം പണിതുയര്‍ത്തിയ നിലയിലാണ്. ഇതിനുസമീപം ഒരേക്കര്‍ പാടത്ത് തെങ്ങ് നട്ടിട്ടുണ്ട്. നിര്‍മല കോളജിന് സമീപത്തും ഒരേക്കറോളം പാടത്ത് തെങ്ങ് നട്ടു. മറ്റ് കൃഷികള്‍ നടത്തിയും മരങ്ങള്‍ വെച്ചും പാടം പുരയിടമാക്കി ഭൂമാഫിയക്ക് കച്ചവടം നടത്താനുള്ള നീക്കത്തിനെതിരെ അഖിലേന്ത്യ കിസാന്‍ സഭ പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജല്‍ പി. ജമാലും സെക്രട്ടറി കെ.ആര്‍. മോഹനനും അധികാരികള്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.