യുവാവിനെ ആക്രമിച്ച സംഭവം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

കളമശ്ശേരി: യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നുപേരെ കൂടി കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിലാങ്കര മരോട്ടിക്കല്‍ എബിന്‍ റെയ്മണ്ട് (22), തൃക്കാക്കര തോപ്പില്‍ കോയിക്കാരന്‍ പറമ്പില്‍ എബിന്‍ ജോസ് (22), കാക്കനാട് അത്താണിയില്‍ മലയില്‍ പറമ്പില്‍ അനൂപ് (23) എന്നിവരാണ് അറസ്റ്റിലായത്. വട്ടേക്കുന്നം സ്വദേശി ഇല്യാസിനെ (25) അഞ്ചംഗ സംഘം മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് മുഖത്ത് കുത്തിയും സമീപത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബോര്‍ഡ് കൊണ്ട് തലക്കടിച്ചും ഗുരുതരമായി പരിക്കേല്‍പിച്ചിരുന്നു. കഴിഞ്ഞ 22ന് രാത്രി 10.30 ഓടെയാണ് സംഭവം. കളമശ്ശേരി അപ്പോളോ ടയേഴ്സിന് എതിര്‍വശത്തുള്ള ഫാസ്റ്റ്ഫുഡ് ഷോപ്പില്‍നിന്ന് ഭക്ഷണം കഴിച്ച് പുറത്തേക്കിറങ്ങിയ യുവാവിനെ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ കയറിയിരുന്നതിനെ ചോദ്യംചെയ്ത യുവാവിനെ അക്രമികള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആദ്യം അറസ്റ്റിലായ നാലാം പ്രതി നിഖില്‍ ജില്ല ജയിലില്‍ റിമാന്‍ഡിലാണ്. മറ്റു നാല് പ്രതികള്‍ ഒളിവിലുമായിരുന്നു. പ്രതികളിലെ മൂന്നു പേര്‍ റോക്ക് വെല്‍ റോഡില്‍ എത്തിയതറിഞ്ഞ് എസ്.ഐ ഇ.വി.ഷിബുവിന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. അഞ്ചാം പ്രതി കളമശ്ശേരി മൂലേപ്പാടം സ്വദേശി അല്‍താഫ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.