ലോട്ടറി അച്ചടി പുനരാരംഭിച്ചു

കൊച്ചി: കറന്‍സി നിരോധനംമൂലം വില്‍പന കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച ലോട്ടറി അച്ചടി കെ.ബി.പി.എസില്‍ (കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍ സൊസൈറ്റി) പുനരാരംഭിച്ചു. കാരുണ്യ-269, ഭാഗ്യനിധി ബിഎന്‍-263, അക്ഷയ-268, വിന്‍വിന്‍-368 ലോട്ടറികളുടെ അച്ചടിയാണ് കെ.ബി.പി.എസില്‍ പുനരാരംഭിച്ചത്. നേരത്തേ അച്ചടിച്ചിരുന്നതില്‍നിന്ന് എണ്ണം വെട്ടിക്കുറച്ചാണ് ലോട്ടറി അച്ചടി പുനരാരംഭിച്ചിരിക്കുന്നത്. 40 ലക്ഷം അച്ചടിച്ചിരുന്ന കാരുണ്യയുടെ അച്ചടി 20 ലക്ഷമാക്കിയാണ് കുറച്ചത്. 85 ലക്ഷം വീതം അച്ചടിച്ചിരുന്ന ഭാഗ്യനിധി, അക്ഷയ, വിന്‍വിന്‍ ലോട്ടറികളുടെ അച്ചടി 30 ലക്ഷമായും കുറച്ചു. കാരുണ്യയുടെ അച്ചടി ശനിയാഴ്ച പൂര്‍ത്തിയാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെ മറ്റു മൂന്ന് ലോട്ടറികളുടെയും അച്ചടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് അവധി ദിനമായിരുന്ന ഞായറാഴ്ചയും കെ.ബി.പി.എസില്‍ അച്ചടി ജോലി തുടര്‍ന്നു. തിങ്കളാഴ്ച വൈകീട്ടോടെ കാരുണ്യ ഉള്‍പ്പെടെ നാല് ലോട്ടറികളുടെയും മുഴുവന്‍ അച്ചടിയും പൂര്‍ത്തിയാക്കി ജില്ല ലോട്ടറി ഓഫിസുകളില്‍ എത്തിച്ച് ചൊവ്വാഴ്ച മുതല്‍ വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. കറന്‍സി നിരോധനത്തെ തുടര്‍ന്ന് ഈമാസം 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിയത്. 20 മുതല്‍ 27 വരെ നറുക്കെടുക്കേണ്ടിയിരുന്ന പൗര്‍ണമി-236, വിന്‍വിന്‍-386, സ്ത്രീശക്തി-30, അക്ഷയ-268, കാരുണ്യ പ്ളസ്-137, കാരുണ്യ-269, പൗര്‍ണമി-264 ലോട്ടറികളാണ് കറന്‍സി നിരോധനത്തെ തുടര്‍ന്ന് റദ്ദാക്കിയത്. സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ളസ്, നിര്‍മല്‍, ഭാഗ്യനിധി, കാരുണ്യ ലോട്ടറികളുടെ നറുക്കെടുപ്പ് യഥാക്രമം 24, 25, 26, 27 തീയതികളില്‍ നടക്കും. 27 മുതല്‍ നറുക്കെടുപ്പുകള്‍ സാധാരണ നിലയിലാകുമെന്ന് ലോട്ടറി ഡയറക്ടര്‍ നേരത്തേ അറിയിച്ചിരുന്നു. നറുക്കെടുപ്പ് നടന്ന ടിക്കറ്റുകളിലെ സമ്മാനാര്‍ഹര്‍ക്ക് പണം നല്‍കാന്‍ നോട്ടുകള്‍ ഇല്ളെന്ന സ്ഥിതിയും ലോട്ടറി മേഖലയെ വലച്ചിരുന്നു. വലിയ തോതില്‍ വിറ്റിരുന്ന ലോട്ടറികള്‍ക്കുവരെ ആവശ്യക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തിവെച്ചത്. ലോട്ടറി വില്‍പന നിര്‍ത്തിയത് സര്‍ക്കാറിനെയും പ്രതികൂലമായി ബാധിച്ചു. ഈ മാസം ലോട്ടറി വരുമാനത്തില്‍ 300 കോടിയിലേറെ രൂപയുടെ കുറവുണ്ടാകുമെന്നാണ് സൂചന. ഒക്ടോബറില്‍ 730 കോടി രൂപയായിരുന്നു ലോട്ടറിയില്‍നിന്നുള്ള വരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.