എച്ച്.ഒ.സി.എല്‍ സംരക്ഷണ സമിതി സത്യഗ്രഹം 100ാം ദിവസത്തിലേക്ക്

പള്ളിക്കര: മാസങ്ങളായി പ്രവര്‍ത്തനം നിലച്ച എച്ച്.ഒ.സി.എല്‍ (ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ്) ഗേറ്റിന് മുന്നില്‍ നടത്തുന്ന സത്യഗ്രഹം 100ാം ദിവസത്തിലേക്ക്. പ്ളാന്‍റ് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സേവ് എച്ച്.ഒ.സി സംയുക്ത സമിതിയാണ് സമരരംഗത്തുള്ളത്. 100 ദിവസം തികയുന്ന തിങ്കളാഴ്ച നടക്കുന്ന പ്രതിഷേധ സമ്മേളനം വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കള്‍ പങ്കെടുക്കും. ഒരു വര്‍ഷമായി കമ്പനിയുടെ പ്രവര്‍ത്തനം ഭാഗികമായിരുന്നു. പ്രശ്നപരിഹാരം നീളുന്നതോടെ കമ്പനിയിലെ സാമഗ്രികള്‍ തുരുമ്പെടുത്ത് നശിക്കുമെന്ന അവസ്ഥയാണ്. 1987ല്‍ ആരംഭിച്ചത് മുതല്‍ ലാഭകരമായി പ്രവര്‍ത്തിച്ച യൂനിറ്റാണ് കൊച്ചിയിലേത്. ഫിനോള്‍, അസറ്റോണ്‍, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് മുഖ്യഉല്‍പന്നങ്ങള്‍. ഫിനോള്‍ അസറ്റോണ്‍ എന്നിവക്ക് തായ്വാന്‍, കൊറിയ, യു.എസ്.എ എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതിക്കുണ്ടായിരുന്ന ആന്‍റി ഡമ്പിങ് ഡ്യൂട്ടി 2012 മാര്‍ച്ചില്‍ എടുത്തുകളഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് വന്‍തോതില്‍ ഫിനോളും അസറ്റോണും നല്‍കിയതാണ് പ്രതിസന്ധിയിലേക്ക് നയിച്ചത്. പ്രതിവര്‍ഷം 135 കോടി ലാഭത്തിലായ കമ്പനി അതോടെ നഷ്ടത്തിലായി. ഇതോടെ തൊഴിലാളികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് 2014 ആദ്യത്തില്‍ ആന്‍റി ഡമ്പിങ് ഡ്യൂട്ടി പുന$സ്ഥാപിച്ചെങ്കിലും മൂലധനം കുറവായതിനാല്‍ വേണ്ട രൂപത്തില്‍ പുനരാരംഭിക്കാനായില്ല. ഇതോടെ വിപണിയില്‍നിന്നും 150 കോടി കടമെടുക്കാന്‍ കേന്ദ്രഗവണ്‍മെന്‍റ് അനുവദിച്ചിരുന്നെങ്കിലും നഷ്ടത്തിലായ മഹാരാഷ്ട്രയിലെ മാതൃ യൂനിറ്റിലേക്ക് വകമാറ്റി ചെലവഴിച്ചതോടെ കൊച്ചി യൂനിറ്റ് വീണ്ടും പ്രതിസന്ധിയിലായി. ബി.പി.സി.എല്‍ കൊച്ചിന്‍ റിഫൈനറിയില്‍ നിന്നാണ് അസംസ്കൃതവസ്തുക്കള്‍ കമ്പനി വാങ്ങുന്നത്. കോടികളുടെ കുടിശ്ശികയുള്ളതിനാന്‍ അസംസ്കൃതവസ്തുക്കള്‍ വിട്ടുകൊടുക്കാന്‍ റിഫൈനറിയും തയാറല്ല. ഇതോടെ ഭാഗികമായി പ്രവര്‍ത്തിച്ചിരുന്ന കമ്പനി കഴിഞ്ഞ അഞ്ച് മാസമായി പൂര്‍ണമായും നിശ്ചലമായ അവസ്ഥയാണ്. ഇക്കുറി ഓണത്തിന് തൊഴിലാളികള്‍ക്ക് ബോണസും നല്‍കിയില്ല. 60 ഓളം ജീവനക്കാര്‍ വെറും കൈയോടെയാണ് കമ്പനിയില്‍നിന്നും വിരമിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.