നോട്ട് നിരോധനം: ആളൊഴിഞ്ഞ് ‘ഭായി മാര്‍ക്കറ്റ്’

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ‘ഭായി മാര്‍ക്കറ്റ്’ പണ പ്രതിസന്ധി രൂക്ഷമായതോടെ ആളൊഴിഞ്ഞു. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോതമംഗലം, ആലുവ തുടങ്ങിയിടങ്ങളില്‍നിന്നും ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടുന്ന ഭായി മാര്‍ക്കറ്റില്‍ ഞായറാഴച എത്തിയത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പി.പി. റോഡ്, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ് റോഡ്, ഗാന്ധി ബസാര്‍ എന്നിവിടങ്ങളില്‍ ശൂന്യാവസ്ഥയായിരുന്നു. സാധാരണ ഞായറാഴ്ചകളില്‍ ഗതാഗത തടസ്സം നേരിടുന്ന റോഡുകള്‍ കാലിയായിക്കിടന്നു. കഴിഞ്ഞ ഞായറാഴ്ച ഉണ്ടായതില്‍ പകുതിയോളം കുറവായിരുന്നു ഇതര സംസ്ഥാനക്കാരെന്ന് വ്യാപാരികള്‍ പറഞ്ഞു. ഈ നില തുടര്‍ന്നാല്‍ വരും ഞായറാഴ്ചകളില്‍ ഇവരെ തീരെ പ്രതീക്ഷിക്കാന്‍ കഴിയില്ളെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. മൊബൈല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, തുണിത്തരങ്ങള്‍, കരകൗശല വസ്തുക്കള്‍, കാസറ്റുകള്‍ തുടങ്ങിയവ അടക്കം ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങള്‍ ഇവിടെ വിറ്റഴിക്കപ്പെട്ടിരുന്നു. 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ തൊഴിലിടങ്ങളില്‍നിന്ന് ചെറിയ നോട്ടുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൂലിയായി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മരക്കമ്പനികളില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പെരുമ്പാവൂരില്‍ മാത്രം പണിയെടുക്കുന്നു. നിര്‍മാണ മേഖലകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരവധി പേരുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൂലി കൊടുക്കാന്‍ പല സ്ഥാപനങ്ങളിലും പണമുണ്ടായില്ല. കൂലിയായി കൊടുത്തവതാവട്ടെ മിക്കതും പിന്‍വലിച്ച നോട്ടുകളായിരുന്നു. ഇത് മാറ്റിയെടുക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. കഴിഞ്ഞ ആഴ്ച കൂലിയായി ലഭിച്ച പണം മാറ്റിയെടുക്കാന്‍ ബാങ്കിലത്തെിയ പല തൊഴിലാളികളും ഏറെ ബുദ്ധിമുട്ടുകളാണ് നേരിട്ടത്. പണം ലഭിച്ച വഴികളെ കുറിച്ചുള്ള ചോദ്യങ്ങളും വിവിധ രേഖകളും ആവശ്യപ്പെട്ടതോടെ പിന്‍വലിച്ച നോട്ടുകള്‍ കൂലിയായി വാങ്ങില്ളെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇവരില്‍ പലരും. പ്രതിസന്ധി തീരും വരെ നാട്ടിലേക്ക് പോകുകയാണെന്ന വിവരം പലരും സ്ഥാപന ഉടമകളെ അറിയിച്ച് കഴിഞ്ഞു. പക്ഷെ ആഴ്ചയില്‍ നാമമാത്ര തുകകള്‍ മാത്രം ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഇവരുടെ ആവശ്യം പരിഗണിക്കാന്‍ കമ്പനി ഉടമകള്‍ക്കാവില്ളെന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ വരും ആഴ്ചകളില്‍ കമ്പനികളും, അതോടൊപ്പം പെരുമ്പാവൂരിലെ 'ഭായീ മാര്‍ക്കറ്റും' പ്രതിസന്ധിയിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.