ആര്‍.ടി ഓഫിസുകളില്‍ വരുമാനം ഉയര്‍ന്നു

കാക്കനാട്: നോട്ട് നിരോധനത്തെ തുടര്‍ന്ന് വരുമാനം നിലച്ച ആര്‍.ടി.ഒ ഓഫിസുകളില്‍ വാഹന നികുതി വരുമാനം കുതിച്ചുയര്‍ന്നു. എറണാകുളം ആര്‍.ടി.ഓഫിസിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹന നികുതി വരുമാനം ലഭിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് വാങ്ങി എറണാകുളം ആര്‍.ടി.ഓഫിസില്‍ രജിസ്ട്രേഷനു കൊണ്ടുവന്ന ആഡംബര കാറിന് മാത്രം എട്ട് ലക്ഷം രൂപയായിരുന്നു വാഹന വകുപ്പിന് നികുതിയിനത്തില്‍ ലഭിച്ച ഏറ്റവും കൂടിയ തുക. എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാരി വാഹനനികുതി അടച്ചതാകട്ടെ ഏറ്റവും പുതിയ രണ്ടായിരത്തിന്‍െറ നോട്ട് കെട്ടുകളായിരുന്നു. ബാങ്കില്‍നിന്ന് വന്‍ തുക പിന്‍വലിക്കാന്‍ നിയന്ത്രണമുള്ള സാഹചര്യത്തില്‍ വസ്ത്രവ്യാപാരി മുഴുവന്‍ തുകയും പുതിയ രണ്ടായിരത്തിന്‍െറ കെട്ടുകളാക്കി നികുതി അടച്ചത് വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ലഭിച്ച പുതിയ നോട്ടുകളാണ് വാഹന നികുതിയായി നല്‍കിയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. നിരോധിച്ച 500, 1000 നോട്ടുകള്‍ സ്വീകരിക്കാന്‍ ഈ മാസം 24 വരെ അനുവാദം നല്‍കിയതും വരുമാനം ഉയരാന്‍ കാരണമായി. ചൊവ്വാഴ്ച നികുതി അടച്ചവരില്‍ ഭൂരിപക്ഷവും പുതിയ രണ്ടായിരത്തിന്‍െറയും നിരോധിക്കാത്ത 100ന്‍െറയും നോട്ടുകളായിരുന്നു. നിരോധിച്ച നോട്ടുകള്‍ ആര്‍.ടി ഓഫിസുകളില്‍ ചൊവ്വാഴ്ച മുതലാണ് സ്വീകരിച്ചുതുടങ്ങിയത്. നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നയുടനെ ആര്‍.ടി.ഓഫിസുകളില്‍ 500, 1000 നോട്ടുകള്‍ സ്വീകരിച്ചിരുന്നില്ല. ഇതത്തേുടര്‍ന്ന് നികുതി വരുമാനം ഗണ്യമായി കുറഞ്ഞിരുന്നു. ശരാശരി 15-20 ലക്ഷം വരെ ലഭിച്ചിരുന്ന എറണാകുളം ആര്‍.ടി.ഓഫിസില്‍ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമീഷണറാണ് നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. നിരോധിച്ച നോട്ടുകള്‍ നിശ്ചിത ഫോറത്തില്‍ ബാങ്കുകളില്‍ സ്വീകരിക്കുന്ന അതേ നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്വീകരിക്കുന്നത്. എന്നാല്‍, രണ്ടായിരത്തിന്‍െറ നോട്ടുകള്‍ സ്വീകരിക്കുന്നതിന് നടപടിക്രമങ്ങള്‍ പാലിക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. വാഹന നികുതി ട്രഷറി മുഖേന സ്വീകരിച്ച് ബാങ്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം ആര്‍.ടി ഓഫിസുകളില്‍ കള്ളപ്പണം യഥേഷ്ടം മാറ്റിയെടുക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.