രണ്ടാം വാരത്തിലും അവസാനിക്കാത്ത ക്യൂ, മഷിപുരട്ടല്‍ തീരുമാനം മറ്റൊരു തിരിച്ചടി

കൊച്ചി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി തുടരുന്നു. ബാങ്കുകളിലെയും എ.ടി.എമ്മുകളിലെയും ആദ്യദിവസങ്ങളിലെ തിരക്കിനെ അപേക്ഷിച്ച് ചെറിയ തോതില്‍ ശമനമുണ്ടെങ്കിലും ആളുകള്‍ ഇപ്പോഴും ക്യൂവിലാണ്. സാധാരണക്കാര്‍ ജീവിതച്ചെലവ് കുറച്ചതാണ് ബാങ്കുകളിലെ തിരക്ക് കുറയാന്‍ കാരണം. ഇതിനിടെ, പഴയ നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് മാറ്റിയെടുക്കാനത്തെുന്നവരുടെ കൈവിരലില്‍ മഷിപുരട്ടുമെന്ന പുതിയ തീരുമാനം നഗരവാസികള്‍ക്ക് മറ്റൊരു തിരിച്ചടിയായി. നഗരങ്ങളിലാകും മഷിപുരട്ടല്‍ ആദ്യം നടപ്പാക്കുക എന്നതാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഒരാള്‍ ഒന്നിലേറെ തവണ നോട്ടുമാറ്റാന്‍ എത്തുന്നത് തടയാനാണ് മഷിപുരട്ടുന്നതെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. ഇപ്പോത്തന്നെ ബാങ്കുകളില്‍ ഇരട്ടി ജോലി ഭാരം അനുഭവപ്പെടുന്ന ജീവനക്കാര്‍ക്കും ഈ തീരുമാനം ദുരിതമാകും. പുറമെ, ബാങ്കുകളിലെ തിരക്ക് ഇനിയും വര്‍ധിക്കും. കാഷ് കൗണ്ടറുകളിലായിരിക്കും മഷി പുരട്ടുന്നതിനുള്ള സംവിധാനം ഒരുക്കുക. നിലവില്‍ ആഴ്ചയില്‍ 4,000 രൂപയുടെ പഴയ നോട്ടുകളാണ് ഒരാള്‍ക്ക് ബാങ്കില്‍നിന്ന് മാറ്റിവാങ്ങാന്‍ സാധിക്കുക. അങ്ങനെയെങ്കില്‍ ഒരു ദിവസം മഷി പുരട്ടിയയാള്‍ പിറ്റേ ആഴ്ചയും നോട്ടു മാറ്റാനത്തെുകയാണെങ്കില്‍ ബാങ്കുകാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. വിരലില്‍ എന്നാണ് മഷി പുരട്ടിയത് എന്ന് തിരിച്ചറിയാനാകാത്തതും ബാങ്കുകാരെ കുഴക്കും. അതിനിടെ 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതാണ് സൂചന. തിരുവനന്തപുരത്ത് 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മുകളില്‍നിന്ന് ലഭിച്ചുതുടങ്ങി. കൊച്ചിയിലും ഉടന്‍ ലഭ്യമാക്കും. 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എം വഴി ലഭ്യമായിത്തുടങ്ങിയാല്‍ ബാങ്കുകളിലെ തിരക്കിന് ശമനമുണ്ടാകും. പഴയ നോട്ടുകള്‍ പിന്‍വലിച്ച് ഒരാഴ്ച പിന്നിട്ടിട്ടും 2000 രൂപയുടെ നോട്ടുകള്‍ എ.ടി.എമ്മില്‍ ലഭ്യമാക്കല്‍ ദ്രുതഗതിയില്‍ നടപ്പാക്കാത്തതും ജനത്തെ വലക്കുന്നു. ഇനിയും ഏറ്റവും അത്യാവശ്യമുള്ള 500 രൂപ നോട്ടുകള്‍ കേരളത്തിലെ ബാങ്കുകളിലോ എ.ടി.എമ്മുകളിലോ എത്തിത്തുടങ്ങിയിട്ടില്ലാത്തതും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. 500 രൂപയുടെ പുതിയ നോട്ടുകള്‍ ലഭ്യമാക്കിയാല്‍ ചില്ലറപ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.