പെരിയാറില്‍ ഉപ്പിന്‍െറ അംശം; കുടിവെള്ള വിതരണം വീണ്ടും മുടങ്ങി

ആലുവ: പെരിയാറില്‍ ഉപ്പിന്‍െറ അംശം കൂടിയതിനെ തുടര്‍ന്ന് ആലുവ ജലശുദ്ധീകരണശാലയില്‍ നിന്നുള്ള കുടിവെള്ള വിതരണം ചൊവ്വാഴ്ചയും മുടങ്ങി. പുലര്‍ച്ചെ മൂന്നു മുതല്‍ രാവിലെ ആറര വരെയാണ് പമ്പിങ്ങും വിതരണവും മുടങ്ങിയത്. തിങ്കളാഴ്ചയും മൂന്നര മണിക്കൂറോളം കുടിവെള്ള വിതരണം നിര്‍ത്തിയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പെരിയാറിലെ വെള്ളത്തില്‍ ഉപ്പിന്‍െറ അംശം 300 പാര്‍ട്ട്സ് പെര്‍ മില്യന്‍ ആയപ്പോഴാണ് പമ്പിങ് നിര്‍ത്തിയത്. പിന്നീടിത് 900 വരെയായി. എന്നാല്‍, ആറരയോടെ ഇത് 250 ആയി കുറഞ്ഞപ്പോള്‍ പമ്പിങ്ങ് പുനരാരംഭിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ നാലര വരെയാണ് ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായത്. സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവിലെ റഗുലേറ്റര്‍ നിര്‍മാണം നിലച്ചതാണ് ഉപ്പുവെള്ളം കയറാന്‍ കാരണം. സാധാരണയായി 10 മുതല്‍ 20 വരെ പാര്‍ട്ട്സ് പെര്‍ മില്യന്‍ (പി.പി.എം) ആണ് പെരിയാറില്‍ ഉപ്പിന്‍െറ അംശമുണ്ടാകുന്നത്. ഇത് 250 പി.പി.എം വരെയായാലും ജലശുദ്ധീകരണത്തെ ബാധിക്കില്ല. ഇന്നലെ ഉച്ചയോടെ ഉപ്പിന്‍െറ അംശം 400 പി.പി.എം കടന്നതോടെയാണ് പിമ്പിങ് നിര്‍ത്തിയത്. പിന്നീടിത് 1000 പി.പി.എം വരെയത്തെി. ചൊവ്വാഴ്ച രാവിലെ 200 പി.പി.എമ്മില്‍ എത്തിയപ്പോഴാണ് പുനരാരംഭിച്ചത്. പിന്നീടിത് 160ഉം വൈകീട്ട് 120ഉം ആയി ചുരുങ്ങി. കൊച്ചി കോര്‍പറേഷന്‍, കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര നഗരസഭകള്‍, മുളവുകാട്, കടമക്കുടി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള വിതരണമാണ് നിര്‍ത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.