മൂവാറ്റുപുഴ നഗരസഭാ യോഗം ബഹളത്തില്‍ മുങ്ങി

മൂവാറ്റുപുഴ: ഗതാഗത ഉപദേശകസമിതി തീരുമാനങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭരണമുന്നണി ഘടകകക്ഷിയായ സി.പി.ഐയും അനധികൃത കൈയേറ്റം പൊളിക്കുന്നതില്‍ പക്ഷപാതപരമായി പെരുമാറുന്നതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങളും രംഗത്തത്തെിയത് നഗരസഭാ യോഗം ബഹളമയമാക്കി. ചൊവ്വാഴ്ച രാവിലെ 11ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ഭരണ, പ്രതിപക്ഷ കക്ഷികള്‍ മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മിനെതിരെ രംഗത്തുവന്നത്. ട്രാഫിക് പരിഷ്കാരം നടപ്പാക്കാത്തത് ചില ഭരണകക്ഷി അംഗങ്ങളുടെ പിടിവാശിമൂലമാണെന്ന് ആരോപിച്ച് സി.പി.ഐ അംഗം പി.വൈ. നൂറുദ്ദീന്‍ വൈകുന്നരം അഞ്ചുവരെ കൗണ്‍സില്‍ ഹാളില്‍ നിരാഹാരമിരിക്കുമെന്ന് പ്രഖ്യാപിച്ച് സമരമാരംഭിച്ചു. യു.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ യോഗം പിരിയുന്നതുവരെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. യോഗം റിപ്പോര്‍ട്ട് ചെയ്യാനത്തെിയ ചാനല്‍ പ്രവര്‍ത്തകരെ ഭരണകക്ഷി അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചത് ചോദ്യംചെയ്ത് പ്രതിപക്ഷം രംഗത്തത്തെിയതോടെ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുടലെടുക്കുകയും ചെയ്തു. രണ്ടുതവണ നടപ്പാക്കി, ഏക പക്ഷീയമായി പിന്‍വലിച്ച ഗതാഗതപരിഷ്കാരം കഴിഞ്ഞ 15 മുതല്‍ നടപ്പാക്കുമെന്ന് കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണ്‍ അറിയിച്ചിരുന്നു. എന്നാല്‍, ഒരു മാസം കഴിഞ്ഞിട്ടും നടപ്പായില്ല. യോഗമാരംഭിച്ചയുടന്‍ പി.വൈ. നൂറുദ്ദീന്‍ ഇതുസംബണ്ഡിച്ച് ചോദ്യം ഉന്നയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിക്കാതെവന്നതോടെയാണ് നിരാഹാരസമരം പ്രഖ്യാപിച്ചത്. സി.പി.ഐ നേതാവുകൂടിയായ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജിന്‍െറ സാന്നിധ്യത്തിലായിരുന്നു സമരം. പ്രതിപക്ഷവും പിന്തുണച്ചു. അതിനിടെയാണ് ഹോമിയോ ആശുപത്രിയുടെ രണ്ടുസെന്‍റ് സ്ഥലം മറ്റൊരു കക്ഷിനേതാവ് കൈയേറി മതില്‍ കെട്ടിയ വിവരം പ്രതിക്ഷനേതാവ് കെ.എം. അബ്ദുസ്സലാം ഉന്നയിച്ചത്. എന്നാല്‍, മറുപടിനല്‍കാതെ കിഴുക്കാവില്‍ തോടിനുകുറുകെ സ്വകാര്യ വ്യക്തി പണിത കലുങ്ക് പൊളിക്കുമെന്ന ഭരണകക്ഷി അംഗത്തിന്‍െറ പ്രഖ്യാപനം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പക്ഷപാതപരമായ നടപടി ഒഴിവാക്കി നഗരത്തില്‍ ഈ കൗണ്‍സിലിന്‍െറ കാലത്ത് നടന്ന മുഴുവന്‍ കൈയേറ്റവും ഒഴിപ്പിക്കണമെന്ന് മുസ്ലിം ലീഗിലെ സി.എം. ഷുക്കൂര്‍ ആവശ്യപ്പെട്ടു. ഭരണകക്ഷി നേതൃത്വത്തിലുള്ള സ്ഥാപനങ്ങളും വ്യക്തികളും നടത്തിയ കൈയേറ്റങ്ങളുടെ പട്ടിക പ്രതിപക്ഷം വായിക്കാന്‍ തുടങ്ങിയതോടെ ബഹളം രൂക്ഷമായി. ഇതിനിടെചാനല്‍ സംഘത്തെ തടഞ്ഞ് പുറത്താക്കാന്‍ ശ്രമമുണ്ടായി. പ്രതിപക്ഷ അംഗങ്ങള്‍ അത് ചോദ്യംചെയ്തതോടെ ബഹളം സംഘര്‍ഷത്തിന്‍െറ വക്കിലത്തെി. തുടര്‍ന്ന് കൗണ്‍സില്‍ പിരിയുംവരെ പ്രതിപക്ഷം നടുത്തളത്തിലിരുന്ന് പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.