അവധി ദിനങ്ങളില്‍ സ്വകാര്യ ബസുകള്‍ ‘മുങ്ങുന്നു’

ആലുവ: യാത്രക്കാരെ പെരുവഴിയിലാക്കി അവധി ദിനങ്ങളില്‍ സ്വകാര്യ ബസുകള്‍ മുടങ്ങുന്നത് പതിവാകുന്നു. ആലുവ, അങ്കമാലി തുടങ്ങിയ നഗരങ്ങളില്‍നിന്ന് അത്താണി വഴി വിവിധ ഉള്‍പ്രദേശങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന ബസുകളാണ് പലപ്പോഴും അപ്രത്യക്ഷമാകുന്നത്. ചില ബസുകള്‍ അവധിദിവസങ്ങളില്‍ പൂര്‍ണമായി സര്‍വിസ് മുടക്കുമ്പോള്‍ മറ്റു ചിലര്‍ വൈകുന്നേരത്തോടെ സര്‍വിസ് നിര്‍ത്തുകയാണ്. ഇതുമൂലം ഉള്‍പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്ര ദുരിതമായിരിക്കുകയാണ്. നിരവധി യാത്രക്കാരുള്ള കണക്കന്‍കടവ്, മാള, മാഞ്ഞാലി, പുത്തന്‍വേലിക്കര തുടങ്ങിയ റൂട്ടിലാണ് ഇതുമൂലം യാത്രാക്ളേശം രൂക്ഷം. ഈ റൂട്ടുകളെല്ലാം ദേശസാല്‍കൃതമായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഈ കുത്തക റൂട്ടുകളില്‍ ട്രിപ്പ് മുടക്കാതെ സര്‍വിസ് നടത്തി കോര്‍പറേഷന്‍ വന്‍ നേട്ടമാണുണ്ടാക്കിയിരുന്നത്. രാത്രി എട്ടിനു ശേഷം വര്‍ഷങ്ങളായി ആലുവയില്‍നിന്ന് മുടങ്ങാതെ ചില കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മാഞ്ഞാലിയടക്കമുള്ള റൂട്ടുകളിലുണ്ടായിരുന്നു. എന്നാല്‍, പെര്‍മിറ്റ് നേടിയ ചില സ്വകാര്യ ബസുകാര്‍ സമയം തെറ്റിച്ച് കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് തൊട്ടുമുമ്പിലായി സര്‍വിസ് നടത്തി കെ.എസ്.ആര്‍.ടി.സിയെ നഷ്ടത്തിലാക്കി നാടുകടത്തി. റൂട്ടുകള്‍ കൈകളിലായതോടെ തോന്നിയപോലെയായി പിന്നീട് സ്വകാര്യ ബസുകളുടെ സര്‍വിസ്. അവസാന ട്രിപ് നടത്തിയിരുന്ന സ്വകാര്യ ബസുകളും പലപ്പോഴും ട്രിപ്പുകള്‍ ഒഴിവാക്കിത്തുടങ്ങി. ഇതിനെതിരെ പല സ്ഥലങ്ങളിലും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. വര്‍ഷങ്ങള്‍ മുമ്പേ രാത്രിയില്‍ ഏറെ തിരക്കേറിയ നഗരമായിരുന്നു ആലുവ. രാത്രി വൈകിയും ഉള്‍ഗ്രാമങ്ങളിലുള്ളവര്‍വരെ നഗരത്തിലുണ്ടാകുമായിരുന്നു. വ്യാപാരസ്ഥാപനങ്ങളും സജീവമായിരുന്നു. അന്നെല്ലാം രാത്രി വൈകിയും നിരവധി സ്ഥലങ്ങളിലേക്ക് ബസുകളുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സിയുടെ ഈ ട്രിപ്പുകളാണ് ആലുവയെ സജീവമാക്കിയിരുന്നത്.എന്നാല്‍, ഇന്ന് ആലുവ നഗരവും സമീപപ്രദേശങ്ങളും സന്ധ്യ കഴിയുമ്പോഴേക്കും ശൂന്യമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.