ഡയാലിസിസ് കേന്ദ്രം തുറക്കാത്തതില്‍ പ്രതിഷേധം

മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് ഉദ്ഘാടനംചെയ്ത ഡയാലിസിസ് കേന്ദ്രം ഇതുവരെ പ്രവര്‍ത്തനസജ്ജമാക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പശ്ചിമ കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനമാണ് അനന്തമായി നീളുന്നത്. ഇവിടങ്ങളിലെ നൂറുകണക്കിന് രോഗികളാണ് എറണാകുളം ജനറല്‍ ആശുപത്രി അടക്കമുള്ള ആതുരാലയങ്ങളെ ഡയാലിസിസിനായി ആശ്രയിക്കുന്നത്. മാലിന്യ ടാങ്കിന്‍െറ നിര്‍മാണം പൂര്‍ത്തീകരിക്കാത്തതാണ് പ്രവര്‍ത്തനം നീളാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നേരത്തേ പശ്ചിമ കൊച്ചിയിലെ വിവിധ സംഘടനകള്‍ കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതത്തേുടര്‍ന്ന് എം.എല്‍.എമാരായ കെ.ജെ. മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, മേയര്‍ സൗമിനി ജെയിന്‍, സി.പി.എം. ജില്ല സെക്രട്ടറി പി.രാജീവ് എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു. നിര്‍മാണജോലികള്‍ പൂര്‍ത്തീകരിച്ച് ശനിയാഴ്ച ആരോഗ്യമന്ത്രി ഉദ്ഘാടനം നടത്തുമെന്ന് കെ.ജെ. മാക്സി എം.എല്‍.എ ഉറപ്പും നല്‍കി. ഉദ്ഘാടനം പ്രതീക്ഷിച്ച് ഡയാലിസിസ് ചെയ്യേണ്ട രോഗികള്‍ കാത്തിരുന്നെങ്കിലും ഫലം നിരാശയായിരുന്നു. ഈ മാസം അവസാനം പ്രവര്‍ത്തനോദ്ഘാടനം ചെയ്യാനാകുമെന്നാണ് എം.എല്‍.എ ഇപ്പോള്‍ പറയുന്നത്. ഏഴ് ഡയാലിസിസ് മെഷീനുകളാണ് ആശുപത്രിയില്‍ ഒരുക്കിയത്. ഉപയോഗരഹിതമായതോടെ മെഷീനിന്‍െറ കാലുകള്‍ തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ചുമതലപ്പെട്ട അധികാരികള്‍തന്നെ നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോവുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. വീണ്ടും സമരം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചിയിലെ വിവിധ സംഘടനകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.