ബി.ജെ.പി നേതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ക്ഷേത്രം മേല്‍ശാന്തിയുടെ പരാതി

കോലഞ്ചേരി: ബി.ജെ.പി നേതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി വടയമ്പാടി കൊട്ടാരം ക്ഷേത്രം മേല്‍ശാന്തിയുടെ പരാതി. യുവമോര്‍ച്ച മുന്‍ ജില്ല നേതാവ് സാജു തുരുത്തിക്കുന്നേലിനെതിരെയാണ് മേല്‍ശാന്തി പി.കെ. നാരായണന്‍ നമ്പൂതിരി റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുത്തന്‍കുരിശ് പൊലീസ് പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, സാജു ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മേല്‍ശാന്തിയുടെ പേരില്‍ മരടിലുള്ള ഏഴുസെന്‍റ് സ്ഥലം 25 ലക്ഷം രൂപക്ക് സാജു ഒന്നാം കക്ഷിയായും നെട്ടൂര്‍ സ്വദേശി ചിന്മയന്‍ രണ്ടാം കക്ഷിയായും വില്‍പന നടത്തിയിരുന്നു. ചിന്‍മയന്‍ 20 ലക്ഷം രൂപ തന്നതായി കരാര്‍ ഉണ്ടാക്കുകയും പണം അടുത്തദിവസം നല്‍കാമെന്നുപറഞ്ഞ് ഇരുവരും സ്ഥലംവിടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 2015 സെപ്റ്റംബര്‍ 17നായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം ക്ഷേത്രത്തിലത്തെിയ ഇരുവരും ഏഴരലക്ഷം രൂപ നല്‍കി. ബാക്കി പണം തീറാധാരം നടക്കുമ്പോള്‍ നല്‍കാമെന്നും പറഞ്ഞു. ഇതിനിടെ, സാജു പലവട്ടം ക്ഷേത്രത്തില്‍ വരുകയും തീറാധാരം നടത്തുമ്പോള്‍ ഒരുമിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം വായ്പ വാങ്ങുകയും ചെയ്തു. ഏറെനാള്‍ കഴിഞ്ഞിട്ടും തീറാധാരം നടത്താനോ വാങ്ങിയ പണം തിരികെ നല്‍കാനോ ഇവര്‍ തയാറാകാതെവന്നതോടെ കഴിഞ്ഞ 30ന് സാജുവിനെ നേരില്‍ കാണണമെന്നാവശ്യപ്പെട്ടു. ഇതനുസരിച്ചത്തെിയ സാജു പ്രകോപനമില്ലാതെ ക്ഷേത്രത്തിലത്തെിയ ആളുകളുടെ മുന്നില്‍വെച്ച് ആക്രമിച്ചെന്നുമാണ് പരാതി. പുത്തന്‍കുരിശ് സ്റ്റേഷനില്‍ 11കേസുകളില്‍ പ്രതിയായ സാജുവില്‍നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും നാരായണന്‍ നമ്പൂതിരി പരാതിയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.