എച്ച്.ഐ.എല്ലിലെ അപകടങ്ങള്‍: ഭീതിയോടെ ഏലൂര്‍ നിവാസികള്‍

കൊച്ചി: ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്സ് ലിമിറ്റഡില്‍ (എച്ച്.ഐ.എല്‍) വാതകം ചോര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ തുടര്‍ക്കഥ. മൂന്നു പതിറ്റാണ്ട് മുമ്പുണ്ടായതും ഇപ്പോഴത്തെ അപകടവും വിരല്‍ചൂണ്ടുന്നത് എച്ച്.ഐ.എല്‍ മാനേജ്മെന്‍റിന്‍െറ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ്. എന്‍ഡോസള്‍ഫാന്‍ പ്ളാന്‍റ് അടച്ചുപൂട്ടിയതോടെ ഇനിയൊരു ദുരന്തം ഉണ്ടാവില്ളെന്ന വിശ്വാസത്തിലായിരുന്ന ജനങ്ങളെ ബുധനാഴ്ച ഉണ്ടായ അപകടം വീണ്ടും ഭീതിയിലാക്കി. വാതകം ചോര്‍ന്ന് തീപിടിച്ച് 12 പേര്‍ക്ക് പരിക്കേറ്റ സംഭവം പുറലോകം അറിയാതിരിക്കാനാണ് മാനേജ്മെന്‍റ് ശ്രമിച്ചത്. നാട്ടുകാരാണ് അപകടവിവരം പൊലീസിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസിലും അറിയിച്ചത്. ഏതു നിമിഷവും സംഭവിക്കാവുന്ന ദുരന്തത്തെ ഭീതിയോടെയാണ് കമ്പനി പരിസരത്തെ ജനങ്ങള്‍ കാണുന്നത്. മൂന്നു പതിറ്റാണ്ടിനുള്ളില്‍ എച്ച്.ഐ.എല്ലില്‍ മാത്രമായി നാല് ദുരന്തങ്ങളാണുണ്ടായത്. ‘84 ലാണ് എച്ച്.ഐ.എല്ലില്‍ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കമ്പനിയിലേക്ക് കൊണ്ടുവന്ന ഹെക്സാ ക്ളോറോ സൈക്ളോ പെന്‍റാ ഡീന്‍ ചോര്‍ന്ന് നൂറോളംപേര്‍ക്ക് സാരമായ പരിക്കേറ്റു. നിരവധി പേരുടെ കാഴ്ചക്ക് തകരാര്‍ സംഭവിച്ചു. ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന മാരക വിഷവാതകം കമ്പനി കവാടത്തില്‍വെച്ചാണ് ചോര്‍ന്നത്. രാവിലെ ജോലിക്ക് പോയവരും വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടെ അന്ന് ആശുപത്രിയിലായി. വാതകം ചോര്‍ന്ന ടാങ്കറിന് സമീപത്തുകൂടി ബസില്‍ പോയ യാത്രക്കാരായിരുന്നു അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും. വാതകം നിര്‍വീര്യമാക്കാന്‍ കഴിയാതിരുന്നത് ദുരന്തത്തിന്‍െറ വ്യാപ്തി ഇരട്ടിയാക്കി. ‘90ല്‍ കമ്പനി വളപ്പില്‍നിന്ന് കുഴിക്കണ്ടം തോട്ടിലേക്ക് ഒഴുക്കിയ ടൊളുവിന്‍ എന്ന രാസവസ്തു മൂലം തോടിന് തീപിടിച്ചതും നാടിനെ നടുക്കി. അന്നും ശ്വാസതടസ്സം അനുഭവപ്പെട്ടവര്‍ ആശുപത്രിയിലായി. 2004ല്‍ എന്‍ഡോസള്‍ഫാന്‍ പ്ളാന്‍റിന് തീപിടിച്ചു. അന്ന് ഭീതരായി ഗര്‍ഭിണികളും പ്രസവിച്ചുകിടന്നവരും കൈക്കുഞ്ഞുങ്ങളുമായി ഓടിയ കാഴ്ച എലൂര്‍ നിവാസികള്‍ക്ക് നടുക്കുന്ന ഓര്‍മയാണ്. വാതകം പുറത്തേക്ക് വമിച്ചതോടെ നാട്ടുകാരുടെ കൂട്ടപ്പലായനമായിരുന്നു. അപകടത്തില്‍ പ്ളാന്‍റ് പൂര്‍ണമായും കത്തി നശിച്ചു. മാനേജ്മെന്‍റിന്‍െറ അനാസ്ഥയായിരുന്നു അന്നും അപകടത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പതിവുപോലെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച് ജനങ്ങളുടെ പ്രതിഷേധം തണുപ്പിച്ചു. വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ തീപിടിക്കുന്ന വാതകമായതിനാല്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വെള്ളത്തിലാണ് സൂക്ഷിക്കുന്നത്. രാസവസ്തു കൊണ്ടുവന്ന ബുള്ളറ്റ് ടാങ്കറിലും ആവശ്യത്തിന് വെള്ളമുണ്ടായിരുന്നില്ല. ജലത്തിന്‍െറ സംരക്ഷണ കവചത്തിലാണ് രാവസ്തു സൂക്ഷിക്കുന്നത്. ടാങ്കര്‍ലോറിയില്‍ നിന്നും ടാങ്കിലേക്ക് പകര്‍ത്തുമ്പോള്‍ ആദ്യം പുറത്തുവരുക ജലമായിരിക്കും. അത്രക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യമാണിത് കൈകാര്യം ചെയ്യാന്‍. അലക്ഷ്യമായി കൈകാര്യം ചെയ്തതായിരിക്കാം അപകടത്തിന് ഇടയാക്കിയതെന്നാണ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.