ജാനറ്റിന്‍െറ മൃതദേഹം സംസ്കരിച്ചു

അങ്കമാലി: ജര്‍മനിയില്‍ ഭര്‍ത്താവിനാല്‍ കൊലചെയ്യപ്പെട്ട അങ്കമാലി സ്വദേശിനി ജാനറ്റിന്‍െറ (26) മൃതദേഹം തിങ്കളാഴ്ച ജര്‍മനിയിലെ ഡൂയിസ്ബര്‍ഗിലെ ഹോംബുര്‍ഗ് സെന്‍റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു. ഉച്ചയോടെ ബന്ധുക്കളുടെയും ജര്‍മന്‍ മലയാളികളുടെയും സാന്നിധ്യത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ജര്‍മനിയില്‍ നടന്ന സംസ്കാര ചടങ്ങിന്‍െറ ഭാഗമായി ജാനറ്റിന്‍െറ പിതാവ് സെബാസ്റ്റ്യന്‍െറ (ജര്‍മന്‍ തമ്പി) ജന്മനാടായ അങ്കമാലിയിലും ശുശ്രൂഷകളും അനുസ്മരണ ചടങ്ങുകളും നടന്നു. രാവിലെ 10ന് അങ്കമാലി സെന്‍റ് ജോര്‍ജ് ബസിലിക്കയിലായിരുന്നു ചടങ്ങ്. ബസിലിക്കയില്‍ നടന്ന കുര്‍ബാനക്ക് റെക്ടര്‍ ഫാ. കുര്യാക്കോസ് മുണ്ടാടന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രാര്‍ഥന ചടങ്ങുകളും നടന്നു. സെബാസ്റ്റ്യന്‍െറ സഹോദരന്‍ ജോസിന്‍െറയും സഹോദരി ചാലക്കുടി വെള്ളിക്കുളങ്ങരയിലുള്ള അല്‍ഫോന്‍സയുടെയും കുടുംബാംഗങ്ങള്‍, റോജി എം. ജോണ്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ. ബാബു, മുന്‍ എം.എല്‍.എ ജോസ് തെറ്റയില്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ എം.എ. ഗ്രേസി, വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, ഇടവകാംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങി വിവിധ തുറകളിലുള്ള നൂറുകണക്കിന് പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ബസിലിക്കയിലെ കുടുംബ കല്ലറയില്‍ ജാനറ്റിന്‍െറ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പങ്ങളും അര്‍പ്പിച്ചു. സെബാസ്റ്റ്യന്‍െറ മറ്റ് അഞ്ചു സഹോദരിമാരില്‍ മൂന്നു പേര്‍ അമേരിക്കയിലും കന്യാസ്ത്രീയടക്കം രണ്ടു സഹോദരിമാര്‍ ജര്‍മനിയിലുമാണുള്ളത്. ജാനറ്റിന്‍െറ മകള്‍ ആലീസ് ജര്‍മനിയില്‍ പൊലീസ് സംരക്ഷണത്തിലാണ്. ബസിലിക്കക്ക് സമീപം കിഴക്കേടത്ത് വീട്ടില്‍ സെബാസ്റ്റ്യന്‍െറയും (ജര്‍മന്‍ തമ്പി) റീത്തയുടെയും ഏക മകളാണ് ജാനറ്റ്. വര്‍ഷങ്ങള്‍ക്കുമുമ്പാണ് സെബാസ്റ്റ്യന്‍ കുടുംബസമേതം ജര്‍മനിയിലത്തെിയത്. കഴിഞ്ഞ മാസം 13നാണ് ഭര്‍ത്താവ് ജര്‍മന്‍ സ്വദേശി റെനെ, ജാനറ്റിനെ കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയത്. രണ്ടാഴ്ച മുമ്പാണ് കൊലപാതകം പുറത്തറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.