കൗണ്‍സില്‍ യോഗത്തില്‍ കൈയാങ്കളി; എട്ട് അംഗങ്ങള്‍ക്ക് പരിക്ക്

ആലുവ: നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിച്ചു. എട്ട് കൗണ്‍സിലര്‍മാര്‍ക്ക് സംഘട്ടനത്തില്‍ പരിക്കേറ്റു. മുന്‍ ചെയര്‍മാനും ഭരണപക്ഷമായ യു.ഡി.എഫിന്‍െറ കൗണ്‍സിലറുമായ എം.ടി. ജേക്കബിന്‍െറ കൈക്ക് മുറിവുണ്ട്. ഭരണപക്ഷത്തെ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, സ്ഥിരം സമിതി അധ്യക്ഷ ടിമ്മി ടീച്ചര്‍, കൗണ്‍സിലര്‍ ലളിത ഗണേശന്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പ്രതിപക്ഷ നേതാവ് എല്‍.ഡി.എഫിലെ രാജീവ് സക്കറിയ, സ്ഥിരം സമിതി അധ്യക്ഷ ലോലിത ശിവദാസന്‍, മനോജ് കൃഷ്ണന്‍, ശ്യാം പത്മനാഭന്‍ എന്നിവരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനകാര്യ സ്ഥിരം സമിതിയുടെ യോഗത്തിലെ തീരുമാനങ്ങള്‍ കൗണ്‍സിലില്‍ അംഗീകരിച്ച് പാസാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. യോഗത്തില്‍ പതിനഞ്ചാമത്തെ അജണ്ടയായാണ് ഈ വിഷയം ചര്‍ച്ചക്കെടുത്തത്. ഫെബ്രുവരി 19, 25, 29, മാര്‍ച്ച് രണ്ട്, 21, 26, ഏപ്രില്‍ 21, മേയ് രണ്ട് എന്നീ ദിവസങ്ങളിലെ ധനകാര്യ സമിതി യോഗത്തിലെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച നിര്‍ദേശമാണ് അജണ്ടയിലുണ്ടായത്. എന്നാല്‍, തീരുമാനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാതെ തീയതി മാത്രമിട്ട് അംഗീകാരത്തിന് വെച്ചതിനെ പ്രതിപക്ഷം എതിര്‍ത്തു. ധനകാര്യ കമ്മിറ്റി തീരുമാനങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമായി അജണ്ടയില്‍ വേണമെന്നും അല്ലാത്തപക്ഷം അജണ്ട മാറ്റിവെക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അതേസമയം, അജണ്ട പാസാക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം അറിയിച്ചു. ഇതോടെ പ്രതിപക്ഷത്തെ മനോജ് ജി. കൃഷ്ണന്‍ തന്‍െറ വിയോജനക്കുറിപ്പോടെ അജണ്ട പാസാക്കണമെന്നും അഭിപ്രായം മിനുട്സ് ബുക്കില്‍ രേഖപ്പെടുത്തണമെന്നും പറഞ്ഞു. വിയോജനക്കുറിപ്പ് വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. മനോജിനെതിരെ ഭരണകക്ഷിയംഗങ്ങള്‍ പാഞ്ഞടുത്തപ്പോള്‍ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തു. ഇതിനിടെ നഗരസഭ മുന്‍ ചെയര്‍മാന്‍ എം.ടി. ജേക്കബിന്‍െറ കൈയില്‍ മുറിവേറ്റു. കൗണ്‍സില്‍ ക്ളര്‍ക്ക് ലിജോ, വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ തടസ്സമുണ്ടാക്കി ഭരണപക്ഷം ബഹളംവെക്കുകയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ചെയര്‍പേഴ്സന്‍െറ ടേബ്ളിലേക്ക് പോകാന്‍ ശ്രമിച്ച മനോജ് കൃഷ്ണനെ തടഞ്ഞപ്പോള്‍ പ്രതിപക്ഷം തന്നെയടക്കം മര്‍ദിക്കുകയായിരുന്നെന്ന് എം.ടി. ജേക്കബ് പറഞ്ഞു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച കൗണ്‍സിലര്‍മാരെ പ്രതിപക്ഷം തടയാന്‍ ശ്രമിച്ചതായും ജേക്കബ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും എല്‍.ഡി.എഫും നഗരത്തില്‍ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.