മഴയെ തോല്‍പിച്ച വോട്ട് ആവേശം

കോതമംഗലം: തെരഞ്ഞെടുപ്പ് ദിന തലേന്ന് രാത്രിയിലും പകലും പെയ്ത ചാറ്റല്‍മഴ വകവെക്കാതെ വോട്ടര്‍മാര്‍ രാവിലെ മുതല്‍ കോതമംഗലം മണ്ഡലത്തിലെ വിവിധ ബൂത്തുകളിലേക്ക് എത്തിക്കൊണ്ടിരുന്നു. വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 77.3 ശതമാനം വോട്ടാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. വോട്ട് ശതമാനത്തെ മഴ ബാധിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭയപ്പെട്ടിരുന്നു എങ്കിലും മഴയെയും തോല്‍പിക്കുന്ന ആവേശമായിരുന്നു വോട്ടര്‍മാരില്‍. മണ്ഡലത്തിലെ പല ബൂത്തുകളിലും രാവിലെ ആരംഭിച്ച ക്യൂ വോട്ട് അവസാനിക്കുന്ന സമയത്തും തുടരുന്ന കാഴ്ചയായിരുന്നു. നെല്ലിക്കുഴി ഹൈസ്കൂള്‍, ചേലാട് ഗവ. യു.പി. സ്കൂള്‍, പല്ലാരിമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോഴിപ്പിള്ളി ഗവ. യു.പി. സ്കൂള്‍ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ എത്തിയവരുടെ നീണ്ടനിര രാവിലെ മുതല്‍ ദൃശ്യമായിരുന്നു. പല ബൂത്തുകളിലും വളരെ വേഗത്തില്‍ വോട്ടെടുപ്പ് പ്രക്രിയ പുരോഗമിച്ചെങ്കിലും കോഴിപ്പിള്ളി 102 നമ്പര്‍ ബൂത്ത്, ഇഞ്ചൂര്‍ 104ാം നമ്പര്‍ ബൂത്ത്, തങ്കളം 60ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടുയന്ത്രത്തിനു തകരാര്‍ സംഭവിച്ചതിനാല്‍ വോട്ടെടുപ്പ് കുറെ സമയം നിര്‍ത്തിവെക്കേണ്ടി വന്നു. കവളങ്ങാട് 136ാം ബൂത്തില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് കുറച്ചുസമയം വോട്ടെടുപ്പ്് നിര്‍ത്തിവെച്ചു. വെളിച്ചം ഒരുക്കിയശേഷമാണ് തുടര്‍ന്നത്. വാരപ്പെട്ടിയിലെ ഒരു ബൂത്തില്‍ യഥാര്‍ഥ വോട്ടര്‍മാര്‍ എത്തുന്നതിന് മുമ്പ് രണ്ട് വോട്ടുകള്‍ മറ്റാരോ ചെയ്തു. കുഴിക്കണ്ണിയില്‍ മോഹനന്‍, സിസിലി എന്നിവരുടെ വോട്ടുകളാണ് ചെയ്തത്. ഇവരെക്കൊണ്ട് ചലഞ്ച് വോട്ട് ചെയ്യിപ്പിച്ചു. തൃക്കരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍, വാരപ്പെട്ടി യു.പി.എസ് എന്നിവിടങ്ങളില്‍ വോട്ട് സമയം അവസാനിക്കുമ്പോഴും നിരവധി പേര്‍ ക്യൂവിലുണ്ടായിരുന്നു. ഇവിടങ്ങളില്‍ ആറെ കാലോടെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.യു. കുരുവിള ചേലാട് ബേസാനിയ സ്കൂളിലും, ആന്‍റണി ജോണ്‍ കോഴിപ്പിള്ളി യു.പി. സ്കൂള്‍ ബൂത്തിലും വോട്ട് രേഖപ്പെടുത്തിയശേഷം മറ്റ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി പി.സി. സിറിയക് എറണാകുളം ഗിരി നഗറില്‍ വേട്ട് ചെയ്തശേഷമാണ് മണ്ഡലത്തിലത്തെിയത്. വേട്ടെണ്ണല്‍ കേന്ദ്രമായ എം.എ. കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വോട്ടുയന്ത്രങ്ങള്‍ രാത്രി വൈകി എത്തിച്ച് സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.