പ്രതികൂല കാലാവസ്ഥയിലും കനത്ത പോളിങ്

കളമശ്ശേരി: മൂടിക്കെട്ടിയ കാലാവസ്ഥയിലും ഏലൂര്‍ കളമശ്ശേരി പ്രദേശങ്ങളില്‍ 81.37 ശതമാനം പോളിങ്. രാവിലെ പോളിങ് ആരംഭിക്കുന്ന സമയത്ത് മഴ നിന്നു പെയ്തെങ്കിലും ഒരു മണിക്കൂറോടെ സാധാരണ നിലയിലായി. 11 മണിയോടെ ബൂത്തുകള്‍ക്ക് മുന്നില്‍ സ്ത്രീകള്‍ അടക്കമുള്ളവരുടെ നീണ്ട നിരയായിരുന്നു. കളമശ്ശേരിയില്‍ കുനംതൈ ബാലവാടിയിലും, ഏലൂര്‍ ഗവണ്‍മെന്‍റ് സ്കൂളിലും 20 മിനിറ്റോളം വോട്ടുയന്ത്രം തകരാറിലായതൊഴിച്ചാല്‍ മറ്റ് സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേസമയം കളമശ്ശേരി റോട്ടറി ക്ളബ് ബൂത്തില്‍ സമയം കഴിഞ്ഞും വോട്ടര്‍മാരുടെ നിര ഉണ്ടായതിനാല്‍ ആറരയോടെയാണ് പോളിങ്ങ് അവസാനിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി രാവിലെ തന്നെ കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലത്തെി വോട്ടു ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ. ഇബ്രാഹിം കുഞ്ഞ് ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി ഗവ. സ്കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി ഗോപകുമാര്‍ എറണാകുളം ചിന്മയാ സ്കൂളിലും, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പ്രേമ ജി. പിഷാരടി ആലുവ എസ്.ടി.എം യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തി. മങ്കട സ്ഥാനാര്‍ഥി ടി.എ. അഹമ്മദ് കബീര്‍ കളമശ്ശേരി ടൗണ്‍ ഹാള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ചിലയിടങ്ങളില്‍ ബൂത്തിലെ അസൗകര്യം വോട്ടര്‍മാരെ ഏറെ ബുദ്ധിമുട്ടിച്ചു. കളമശ്ശേരി നഗരസഭ പരിധിയിലെ വട്ടേക്കുന്നം സ്വതന്ത്ര ലൈബ്രറി വായനശാലയിലും കങ്ങരപ്പടി കൃഷി ഭവനില്‍ ഒരുക്കിയ ബൂത്തുകളിലും ആണ് അസൗകര്യം ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. വായനശാല ബൂത്തിലത്തെിയവരുടെ നിര നീണ്ടതോടെ റോഡില്‍ ആണ് വോട്ടര്‍മാര്‍ നിന്നത്. കങ്ങരപ്പടി കൃഷിഭവനിലും സമാന അനുഭവമായിരുന്നു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.