ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയായി

ആലുവ: ആലുവ, അങ്കമാലി നിയോജകമണ്ഡലത്തിലെ പോളിങ് സമഗ്രമികള്‍ യു.സി കോളജില്‍ വിതരണം ചെയ്തു. രാവിലെ ഒമ്പതുമണിയോടെ നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് സമാഗ്രമികള്‍ വാങ്ങുന്നതിനായി യു.സി കോളജില്‍ എത്തിയത്. ഇവര്‍ക്കായി പ്രത്യേകം പന്തലും ഒരുക്കിയിരുന്നു. മൊട്ടുസൂചിമുതല്‍ വലിയ കിറ്റാണ് ഇവര്‍ക്ക് വിതരണം ചെയ്തത്. പോളിങ് ഉദ്യോഗസ്ഥരില്‍ പത്ത് ശതമാനത്തോളം പേര്‍ അവസാനനിമിഷം അവധിയെടുത്തിരുന്നു. എന്നാല്‍, പകരക്കാരെ കരുതിയിരുന്നതിനാല്‍ പ്രതിസന്ധിയുണ്ടായില്ല. ആലുവ പൊലീസ് സര്‍ക്കിളിനുകീഴില്‍ 24 പ്രശ്നബാധിത ബൂത്താണുള്ളതെന്ന് ആലുവ സി.ഐ ടി.ബി. വിജയന്‍ അറിയിച്ചു. ആലുവ ഈസ്റ്റ്, വെസ്റ്റ്, എടത്തല, ബിനാനിപുരം സ്റ്റേഷനുകള്‍ക്ക് കീഴിലാണ് ഇത്രയും പ്രശ്നബാധിത ബൂത്തുകളുള്ളത്. ഒരേ കെട്ടിടത്തില്‍ ഒന്നില്‍ കൂടുതല്‍ പ്രശ്നബാധിത ബൂത്തുള്ള സ്ഥലത്ത് അധികം കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകള്‍ക്കും പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പറവൂര്‍: തിങ്കളാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള വോട്ടുയന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ വിതരണം ചെയ്തു. കളമശ്ശേരി, പറവൂര്‍ നിയോജക മണ്ഡലങ്ങളിലെ സാമഗ്രികള്‍ പറവൂര്‍ പുല്ലംകുളം എസ്.എന്‍ എച്ച്.എസ് സ്കൂളില്‍ നിന്നാണ് വിതരണം ചെയ്തത്. രാവിലെ 10ഓടെ ആരംഭിച്ച വിതരണം മൂന്നോടെയാണ് പൂര്‍ത്തിയായത്. രണ്ട് മണ്ഡലത്തിലെയും വരണാധികാരികളുടെയും സഹ വരണാധികാരികളുടെയും സാന്നിധ്യത്തിലാണ് വിതരണം നടന്നത്. വോട്ടുയന്ത്രം മുതല്‍ നൂല്‍, തീപ്പെട്ടി, അരക്ക്, കയര്‍ തുടങ്ങിയ 25ഓളം സാധനങ്ങളാണ് കൈമാറിയത്. അതത് ബൂത്തുകളിലെ പോളിങ് ഓഫിസര്‍മാര്‍ക്കാണ് നല്‍കിയത്. രണ്ട് മണ്ഡലത്തിലേക്കും സാമഗ്രികള്‍ കൊണ്ടുപോകാനും പോളിങ് ഓഫിസര്‍മാരെ അതാതിടങ്ങളില്‍ എത്തിക്കാനുമായി നൂറോളം വാഹനങ്ങള്‍ സജ്ജമാക്കിയിരുന്നു. വൈകുന്നേരം മൂന്നോടെ തെരഞ്ഞെടുപ്പ് ജീവനക്കാരുമായി വാഹനങ്ങള്‍ നീങ്ങിത്തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.